കുടിവെള്ളത്തിൽ ശൗചാലയ മാലിന്യം; നിരവധി പേർക്ക് രോഗം

തൊട്ടടുത്ത ക്വാർട്ടേഴ്സിൽ നിന്നെന്ന് പരാതി പാലപ്പെട്ടി: മലപ്പുറം-തൃശൂർ ജില്ലകളുടെ അതിർത്തിയിലുള്ള കാപ്പിരിക്കാട്ട്​ കുടിവെള്ളത്തിൽ ശൗചാലയ മാലിന്യം കലർന്ന് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ക്വാർട്ടേഴ്സിൽനിന്നുള്ള മാലിന്യമാണ് വെള്ളത്തിൽ കലരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വെള്ളം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മാരകമായ തോതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമാണ്​. 100 മില്ലി ലിറ്റർ ജലത്തിൽ 1100 എം.ബി.എൻ എന്ന തോതിലാണ് ബാക്ടീരിയ കണ്ടെത്തിയത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന്​ ആരോഗ്യ വിഭാഗം പറയുന്നു. ദേശീയപാതയോരത്ത് നൂറോളം അന്തർസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ച ക്വാർട്ടേഴ്സിൽനിന്നുള്ള ശൗചാലയ മാലിന്യം പഴയ കിണറിലേക്ക് ഒഴുക്കിവിട്ടതോടെ സമീപത്തെ വീടുകളിലെ പൈപ്പുകളിൽ മാലിന്യം കലരുകയായിരുന്നു. 600 മീറ്റർ ഭാഗത്ത്​ ഇപ്പോൾ പതയുള്ള വെള്ളമാണ് ലഭിക്കുന്നത്. രണ്ട് മാസത്തോളമായി വെള്ളത്തിന്​ രുചിമാറ്റവും നിറവ്യത്യാസവും കണ്ടിരുന്നു. തുടർന്ന് ഈ വെള്ളം ഉപയോഗിക്കുന്ന ചിലർക്ക് ഛർദ്ദിയും ത്വഗ്​ രോഗങ്ങളും ബാധിച്ചു. ജലജന്യരോഗങ്ങൾ പതിവായതോടെയാണ് സാമ്പിൾ പരിശോധിച്ചത്. വെള്ളത്തിൽ മാലിന്യം സ്ഥിരീകരിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഉറവിടം കണ്ടെത്തിയത്. വേനലിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകാറുള്ള മേഖലയിലാണ് രോഗം പരത്തുന്ന മലിനജലം ഒഴുകിയെത്തുന്നത്. പ്രദേശവാസികൾ ജില്ല ആരോഗ്യ ഓഫിസർക്കും കലക്ടർക്കും പരാതി നൽകി. Photo: MP PNN1: കാപ്പിരിക്കാട്ടെ മാലിന്യം കലർന്ന കുടിവെള്ളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.