കരിപ്പൂരിൽ വീണ്ടും തിരക്കേറി; ഉദ്യോഗസ്ഥരില്ലാതെ കസ്റ്റംസ്​

കരിപ്പൂർ: രണ്ട്​ വർഷത്തിന്​ ശേഷം ഷെഡ്യൂൾ സർവിസുകൾ പുനരാരംഭിച്ചതോടെ കോഴിക്കോട്​ വിമാനത്താവളത്തിൽ തിരക്കേറിയെങ്കിലും ആവശ്യത്തിന്​ ഉദ്യോഗസ്ഥരില്ലാതെ കസ്റ്റംസ്​. കോവിഡിനെതുടർന്ന്​ നിർത്തിയ സർവിസുകൾ മാർച്ച്​ 27 മുതലാണ്​ പുനരാരംഭിച്ചത്​. സർവിസുകൾ വർധിച്ചെങ്കിലും യാത്രക്കാരുടെ എണ്ണത്തിന്​ അനുസരിച്ചുളള തസ്തികകളോ സംവിധാനങ്ങളോ ഇവിടെ ഇല്ല. നൂറ്റമ്പതോളം ഉദ്യോഗസ്ഥരാണ്​ വേണ്ടത്​. അനുവദിച്ച തസ്തിക നൂറിൽ താഴെ. ഇപ്പോഴുള്ള ഉദ്യോഗസ്ഥരു​ടെ എണ്ണം 50ൽ താ​ഴെയും​. നാല്​ ബാച്ചുകളിലായാണ്​ കസ്റ്റംസ്​ പ്രവർത്തനം. ആൾക്ഷാമം രൂക്ഷമായതോടെ ഒരു ബാച്ചിൽ പരമാവധി പത്ത്​ പേരാണുള്ളത്​. സാധാരണ ഒരു ബാച്ചിൽ ബാഗേജ്​ ക്ലിയറൻസും ഇന്‍റലിജൻസ്​ യൂനിറ്റുമായാണ്​ പ്രവർത്തനം. ബാഗേജ്​ ക്ലിയറൻസിൽ മാത്രമാണ്​ നിലവിൽ ഉദ്യോഗസ്ഥരുള്ളത്​​. ഇവരെ തന്നെയാണ്​ ഇന്‍റലിജന്‍സ്​ യൂനിറ്റിലേക്കും നിയോഗിക്കുന്നത്​. മൂന്ന്​ ഡെപ്യൂട്ടി കമീഷണർമാർ, 15 സൂപ്രണ്ടുമാർ, 17 ഇൻസ്​പെക്ടർമാർ, മറ്റ്​ ഏഴ്​ ഉദ്യോഗസ്ഥർ എന്നിവരാണ്​ നിലവിലെ ജീവനക്കാർ. കസ്റ്റംസിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന്​ നിരവധി തവണ ആവശ്യമുയർന്നിരുന്നു​. കസ്റ്റംസ്​ വിഭാഗത്തിൽ നിന്ന്​ തന്നെ ഔദ്യോഗികമായി ആവശ്യം ഉന്നയിച്ച്​ കത്ത്​ നൽകിയിട്ടുണ്ട്​. കൊച്ചി ചീഫ്​ കസ്റ്റംസ്​ കമീഷണർ ഓഫിസിൽ നിന്നാണ്​ നടപടി സ്വീകരിക്കേണ്ടത്​. കോവിഡിന്​ മുമ്പ്​ എൺപതോളം പേരുണ്ടായിരുന്നു. ഏപ്രിൽ - ​മേയ്​ മാസങ്ങളിൽ കസ്റ്റംസിന്‍റെ പൊതുസ്ഥലംമാറ്റം നടക്കും. ഈ സമയത്ത്​ കൂടുതൽ നിയമനം നടക്കു​മെന്നാണ്​ പ്രതീക്ഷ. രാജ്യവ്യാപകമായി കസ്റ്റംസിൽ ഉദ്യോഗസ്ഥക്ഷാമം രൂക്ഷമാണ്​. എന്നാൽ, സ്വർണക്കടത്ത്​ വ്യാപകമാണ്​. വ്യാഴാഴ്ചയും വിമാനത്താവളത്തിൽ നിന്ന്​ പുറത്തിറങ്ങിയ യാത്രികനിൽ നിന്ന്​ കരിപ്പൂർ പൊലീസ്​ സ്വർണം പിടികൂടി. ഒരാഴ്​ചക്കിടെ സമാനമായ രണ്ടാമത്തെ സംഭവമാണിത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.