കോർപറേറ്റുകൾക്ക് നൽകിയ ഇളവുകളുടെ ബാധ്യത പരിഹരിക്കുന്നത് സാധാരണക്കാരനെ പിഴിഞ്ഞ്​ -എ. വിജയരാഘവൻ

തൃശൂർ: കോർപറേറ്റുകൾക്ക്‌ അനുവദിച്ച രണ്ടുലക്ഷം കോടിയുടെ നികുതിയിളവിന്‍റെ ബാധ്യത കേന്ദ്രസർക്കാർ തീർക്കുന്നത്‌ പെട്രോളിയം ഉൽപന്നങ്ങൾക്ക്‌ അഞ്ചുലക്ഷം കോടി വില വർധിപ്പിച്ചാണെന്ന്‌ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. പണിമുടക്കിനോടനുബന്ധിച്ച്‌ തൃശൂർ കോർപറേഷൻ ഓഫിസിന്​ മുന്നിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാഷ്‌ട്രങ്ങളിൽ വൻ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത കാലത്ത്‌ ഇന്ത്യ തകരാതെ കാത്തുസൂക്ഷിച്ച പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകളും ഇൻഷുറൻസ്‌ കമ്പനികളും ഉൾപ്പെടെ എല്ലാം വിറ്റുതുലക്കുകയാണ്‌ കേന്ദ്രസർക്കാർ ചെയ്യുന്നത്‌. കോവിഡ്‌ വ്യാപനകാലത്ത്‌ ജനങ്ങൾക്ക്‌ ഏറ്റവും കുറവ്‌ ഉത്തേജക പാക്കേജ്‌ നടപ്പാക്കിയ രാജ്യം ഇന്ത്യയാണ്‌. ഉത്തേജക പാക്കേജുകളിലെ ആനുകൂല്യങ്ങളിൽ അധികവും വൻകിട കോർപറേറ്റുകൾ തട്ടിയെടുത്തു. സാധാരണക്കാരന്‍റെ വേദന മനസ്സിലാവാത്ത മോദിയെ ജനങ്ങൾ തിരുത്തിക്കുക തന്നെ ചെയ്യും. ജീവിക്കാനുള്ള അവകാശത്തിനായി പോരടിക്കുന്ന തൊഴിലാളിയുടെ അവസാന ആയുധമാണ്‌ പണിമുടക്ക്‌. സ്വന്തം കൂലി ഒഴിവാക്കിയാണ്‌ അവൻ നാടാകെയുള്ള സാധാരണക്കാരനുവേണ്ടി സമരം നടത്തുന്നത്‌. ഒരേ മനസ്സോടെ തൊഴിലാളികൾ തുടരുന്ന പ്രക്ഷോഭങ്ങളാണ്‌ ബാക്കിയുള്ള പൊതുമേഖല സ്ഥാപനങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.