തൃശൂർ: ഭൗമവിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോര്‍പ്പറേഷന്‍ ഡിജിറ്റലാവുന്നു. സംസ്ഥാനത്ത് ജനകീയാസൂത്രണവും നീര്‍ത്തടാധിഷ്ഠിത വികസനവും പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുമ്പേ പറക്കാന്‍ ജി.ഐ.എസ് മാപ്പിങ് പ്രൊജക്റ്റ് നടപ്പാക്കുകയാണ് കോര്‍പ്പറേഷന്‍. ദൃഷ്ടി പോർട്ടലിൽ കോർപ്പറേഷന്റെ ആസ്തി വിഭവങ്ങൾ ഒരു വിരൽത്തുമ്പിൽ അറിയാനാവും. ഡ്രോണ്‍, ഡിഫറന്‍ഷ്യല്‍, ജി.പി.എസ്, ലേസര്‍ ടേപ്പിങ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി സ്ഥാന സൂചനകളോടെയാണ് വിവരങ്ങള്‍ സമാഹരിക്കുക. കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങള്‍, റോഡുകള്‍, ലാൻഡ് മാര്‍ക്കുകള്‍, തണ്ണീര്‍ത്തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകള്‍ എന്നിവ ദൃഷ്ടി പോര്‍ട്ടലില്‍ ആവശ്യാനുസരണം തിരയുന്നതിനുള്ള സൗകര്യം ലഭ്യമാകും. ജി.ഐ.എസ് മാപ്പിങ് വഴി ആധുനികതയില്‍ ഊന്നിയ നഗരാസൂത്രണം, കൃത്യതയാര്‍ന്ന പദ്ധതി വിഭാവനം, നിർവഹണം, ക്ഷേമപദ്ധതികള്‍ ഏറ്റവും അര്‍ഹരായവരിലേയ്ക്ക് എത്തിക്കൽ തുടങ്ങിയവ സാധ്യമാകും. കോര്‍പ്പറേഷനു വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഐ.ടി സംരംഭമായ യു.എല്‍. ടെക്നോളജി സൊലൂഷന്‍സ് (യു.എല്‍.ടി.എസ്) ആണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഓഫിസ് അങ്കണത്തില്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍റെ അധ്യക്ഷതയില്‍ മേയര്‍ എം.കെ. വർഗീസ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സണ്‍, ലാലി ജെയിംസ്, കൗണ്‍സിലര്‍മാരായ വിനോദ് പൊള്ളാഞ്ചേരി, ഐ. സതീഷ് കുമാര്‍, സുബി സുകുമാര്‍, ഷീബ ജോയ്, കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എൻജിനീയര്‍ ഷൈബി ജോര്‍ജ്ജ്, ഡെപ്യൂട്ടി സെക്രട്ടറി സോമശേഖരന്‍, ഊരാളുങ്കല്‍ കോഓപ്പറേറ്റിവ് സൊസൈറ്റി പ്രതിനിധി ഇ.പി. പ്രണവ് തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി സർവേക്കായി എത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിച്ച് കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കി എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് മേയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.