രക്ഷാപ്രവർത്തകർ കുതിച്ചെത്തി; മുൾമുനയിലായി മുറിഞ്ഞമാട്​ പ്രളയം, ഉരുള്‍പൊട്ടൽ സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മോക്ഡ്രിൽ ആശങ്ക പരത്തി

രക്ഷാപ്രവർത്തകർ കുതിച്ചെത്തി; മുൾമുനയിലായി മുറിഞ്ഞമാട്​ പ്രളയം, ഉരുള്‍പൊട്ടൽ സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മോക്ഡ്രിൽ ആശങ്ക പരത്തി കീഴുപറമ്പ്: മുറിഞ്ഞമാട് പ്രദേശവാസികളെ 'ഭീതിയിലാഴ്ത്തി' മോക്ഡ്രിൽ. ജില്ലയില്‍ പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സുസജ്ജമാക്കൽ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മോക്​ഡ്രില്‍ നടത്തിയത്. പുഴ കരകവിഞ്ഞൊഴുകി മുറിഞ്ഞമാട് പ്രദേശത്ത് വെള്ളം കയറിയതായാണ് ആദ്യം മുന്നറിയിപ്പ് വന്നത്. ഉടൻ അഗ്​നിരക്ഷ സേന സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊലീസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, റവന്യൂ, കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു രക്ഷാപ്രവർത്തനം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചും അപകടത്തിൽപെട്ടവര്‍ക്ക് ചികിത്സ നല്‍കിയും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പ്രതീകാത്മകമായി പുനരാവിഷ്‌കരിച്ചു. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയവ വിലയിരുത്തൽ ലക്ഷ്യമിട്ടായിരുന്നു മോക്ഡ്രില്‍. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകന്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററിലിരുന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, പ്ലാനിങ് സെക്ഷന്‍ മേധാവി കൂടിയായ എ.ഡി.എം എന്‍.എം. മെഹറലി, ഇന്‍സിഡന്റ് കമാന്‍ഡര്‍ ഡോ. എം.സി. റജില്‍, അഡീഷനല്‍ എസ്.പി സേവ്യര്‍ സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. മുഹമ്മദ് ഇസ്മായില്‍, ഹസാര്‍ഡ് അനലിസ്റ്റ് ഡോ. എന്‍. ആതിര, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ അസി. എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, ജില്ല ഫയര്‍ ഓഫിസര്‍ എസ്.എല്‍. ദിലീപ് എന്നിവര്‍ ജില്ല കണ്‍ട്രോള്‍ റൂമില്‍നിന്ന് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ഏറനാട് തഹസില്‍ദാര്‍ ടി. വിജയന്‍, അരീക്കോട് സി.ഐ പി.വി. ലൈജുമോന്‍, മഞ്ചേരി ആര്‍.എം.ഒ ഡോ. അബ്ദുൽ ജലീല്‍, കീഴുപറമ്പ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഖാലിദ് തുടങ്ങിയവര്‍ 'രക്ഷാപ്രവര്‍ത്തനത്തിന്' നേതൃത്വം നല്‍കി. വിവിധ വകുപ്പുകൾക്ക് പുറമെ സിവിൽ ഡിഫൻസും പങ്കാളികളായി. കലക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. Photo: photo name: me arkd mockdiril news മോക്ഡ്രില്ലിന്‍റെ ഭാഗമായി വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിച്ച്​ കരയിൽ എത്തിക്കുന്ന അഗ്​നിരക്ഷ സേന ഉദ്യോഗസ്ഥർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.