കരിപ്പൂരിൽ റെസ നീളംകൂട്ടാൻ ആലോചന

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ റൺവേ എൻഡ്​ സേഫ്​റ്റി ഏരിയ ​(റെസ) നീളംകൂട്ടുന്നതിന്​ ആലോചന. നിലവിലുള്ള റൺവേ പൂർണമായി നിലനിർത്തി റെസ നീളംകൂട്ടുന്നതു​ സംബന്ധിച്ച​ ചർച്ചകളാണ്​ ആരംഭിച്ചിരിക്കുന്നത്​. ഇതു സംബന്ധിച്ച നിർദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്ന്​ ലഭിച്ചു​. നേരത്തേ, റൺവേ നീളംകുറച്ച്​ റെസ വർധിപ്പിക്കാനായിരുന്നു നീക്കം. വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ ഇതിൽനിന്ന്​ അതോറിറ്റി പിൻവലിയുകയായിരുന്നു. റൺവേയുടെ രണ്ട്​ അറ്റത്തും റെസ 90 മീറ്ററാണുള്ളത്​. ഇത്​ 240 മീറ്ററായി വർധിപ്പിക്കാനാണ്​ വ്യോമയാന മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതിയുടെ നിർദേശം. ഇതിനായി രണ്ടു ഭാഗത്തും 150 മീറ്ററാണ്​ പുതുതായി നിർമിക്കേണ്ടത്​. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടികൾ ആരംഭിച്ചിരിക്കുന്നത്​. പ്രവൃത്തിയുടെ എസ്റ്റിമേറ്റ്​, പ്രായോഗികത, പദ്ധതി ചെലവ്​, കാലതാമസം എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളാണ്​ അതോറിറ്റി പരിശോധിക്കുന്നത്​. നിലവിൽ റൺവേ 28ന്‍റെ വശത്ത്​ നെടിയിരുപ്പ്​ ഭാഗത്ത്​ ​അതോറിറ്റിയുടെ ഉടമസ്ഥയിൽ സ്ഥലമുണ്ട്​. റൺവേ 10ൽ 150 മീറ്റർ നീട്ടാനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളാണ്​ പരിഗണനയിലുള്ളത്​. റെസ നീളംകൂട്ടുന്നതോടെ റൺ​വേ പൂർണമായി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ്​ നേട്ടം. റൺവേ 2860 മീറ്റർ നീളമുണ്ടെങ്കിലും ഇപ്പോൾ 2700 മീറ്ററാണ്​ രേഖപ്പെടുത്തിയിരിക്കുന്ന നീളം. ബാക്കി 150 മീറ്റർ റെസയായാണ്​ പരിഗണിക്കുന്നത്​. റെസ ദീർഘിപ്പിക്കുന്നതോടെ 2860 മീറ്റർ റൺവേയും ഉപയോഗിക്കാൻ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.