ജീവിതവഴിയിൽ താങ്ങായ തങ്ങളെ കാണാനാകാത്ത വിഷമത്തിൽ കൗസല്യ

കൊണ്ടോട്ടി: കുടുംബപരമായി ഏറെ പ്രയാസപ്പെട്ടപ്പോൾ താങ്ങായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഒരുനോക്ക്​ കാണാനാകാത്തതിന്‍റെ വിഷമത്തിലാണ് കൊണ്ടോട്ടി സ്വദേശിനി കൗസല്യ. രാവിലെ ഒമ്പതിനാണ് ഖബറടക്കമെന്നറിഞ്ഞ്​ കൊടപ്പനക്കൽ തറവാട്ടിൽ എത്തിയ കൗസല്യ മൃതദേഹം കാണാനാവാതെ നിറമിഴികളോടെയാണ്​ മടങ്ങിയത്​. കുടുംബത്തിലുണ്ടാകുന്ന ഓരോ പ്രശ്നങ്ങളിലും പാണക്കാട് തങ്ങൾ കുടുംബം നൽകിയ നിർദേശങ്ങളായിരുന്നു കൗസല്യക്ക് കരുത്തേകിയത്​. നിലമ്പൂർ ആദിവാസി കോളനിയിൽ സ്പെഷൽ സ്കൂളിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഇടപെട്ടാണ് കൗസല്യക്ക് ജോലി തരപ്പെടുത്തിയത്. പിന്നീട് പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിൽ നിത്യ സന്ദർശകയായിരുന്നു ഇവർ. കുടുംബം അനാഥമായതിന്‍റെ വ്യഥയാണ് കൊടപ്പനക്കൽ തറവാട്​ മുറ്റത്തുനിന്ന് കൗസല്യക്ക് പറയാനുണ്ടായിരുന്നത്. വീട്ടാവശ്യങ്ങൾക്ക് ചോദിച്ചറിഞ്ഞ്​ സാമ്പത്തിക സഹായം ഉൾപ്പെടെ ചെയ്തുതന്ന ഹൈദരലി തങ്ങളെ അവർ നന്ദിയോടെ സ്മരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.