ദേശീയപാതയില്‍ സുരക്ഷക്രമീകരണങ്ങള്‍ക്ക് നിര്‍ദേശം മലപ്പുറം: വിവിധ വകുപ്പുകളുടെ ഫണ്ടുകള്‍ വിനിയോഗിച്ച് ഉപകാരപ്രദമാവുന്ന പദ്ധതികള്‍ തയാറാക്കാന്‍ ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം ഡി.പി.ഒ കണ്‍വീനറായി ജില്ലതല ഉദ്യോഗസ്ഥര്‍ അംഗങ്ങളായ സമിതി രൂപവത്കരിച്ചു. എത്രയുംവേഗം സമിതി യോഗം ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ജില്ല വികസന സമിതി യോഗത്തില്‍ നിര്‍ദേശിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്‍റിലേറ്ററുകള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കാനും ആവശ്യമായ ജീവനക്കാരെ നിയോഗിക്കാനും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരെ സജ്ജീകരിക്കാൻ റേഷനിങ് സിസ്റ്റം നടപ്പാക്കുന്നത് സംബന്ധിച്ച് കൂടിയാലോചന നടത്താനും തദ്ദേശ സ്ഥാപന തലത്തില്‍ ചര്‍ച്ച ചെയ്ത് പ്രോജക്ടുകള്‍ തയാറാക്കാനും ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ദേശീയപാതയിലെ അപകടമേഖലകളില്‍ സ്ഥാപിച്ച ഡിവൈഡറുകളില്‍ ഒരാഴ്ചക്കകം റിഫ്ലക്ടറുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷസംവിധാനങ്ങള്‍ ഒരുക്കണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ടെക്നിക്കല്‍ കമ്മിറ്റി ചേര്‍ന്ന് തീരുമാനങ്ങള്‍ ഒരാഴ്ചക്കകം അറിയിക്കണം. കൊണ്ടോട്ടിയിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ റെസ്റ്റ് ഹൗസിന്‍റെ നവീകരണം ഏപ്രിലില്‍ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. പൊന്നാനി താലൂക്കില്‍ വിതരണത്തിന് ജലലഭ്യത ഉറപ്പുവരുത്താൻ പാലക്കാട് കലക്ടറുമായി ചര്‍ച്ച നടത്തും. കിഫ്ബിയില്‍ കണ്ണമംഗലം ജി.എം.യു.പി.എസിന് അനുവദിച്ച ഒരു കോടി രൂപ സ്വന്തമായി സ്ഥലം ലഭ്യമല്ലാത്തതിനാല്‍ എടക്കാപറമ്പ് ജി.എല്‍.പി.എസിന് മാറ്റി അനുവദിക്കണമെന്ന നിർദേശം തുടര്‍നടപടികള്‍ക്കായി സംസ്ഥാന ഓഫിസിലേക്ക് അയച്ചിട്ടുണ്ട്. വള്ളിക്കുന്ന് ആനങ്ങാടി ഫിഷ്‌ലാൻഡിങ് സെന്‍ററിനോടനുബന്ധിച്ച ഒരേക്കറോളം സ്ഥലത്ത് ഹാച്ചറി യൂനിറ്റ് സ്ഥാപിക്കുന്നതിന് സ്കെച്ചും അനുബന്ധരേഖകളും ഫിഷറീസ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. കടലുണ്ടിപ്പുഴയുടെ അഴിമുഖത്തെ മണ്ണും മറ്റു മാലിന്യങ്ങളും പുഴയില്‍ ഇരുവശങ്ങളിലും ചാനല്‍ നിര്‍മിച്ച് പുഴയില്‍തന്നെ മണ്ണ് നിരത്തുന്നതിന് 44 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. വാഴക്കാട് ഗവ. ഐ.ടി.ഐക്ക് കണ്ടെത്തിയ ഭൂമി വ്യവസായ പരിശീലന വകുപ്പിന് കൈമാറുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കും. എളമരം ഗവ. യു.പി സ്കൂളിന്‍റെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം ജൂണിന് മുമ്പ് യാഥാര്‍ഥ്യമാക്കും. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം 53,968 ഭൂമിയുള്ള ഭവനരഹിതരും 16,053 ഭൂരഹിത ഭവനരഹിതരും ഉള്‍പ്പെടെ 70,021 അപേക്ഷകള്‍ ലഭിച്ചതായും ഇതില്‍ 99 ശതമാനം അപേക്ഷകളിലും പരിശോധ പൂര്‍ത്തിയാക്കിയതായും കലക്ടർ അറിയിച്ചു. പി. നന്ദകുമാര്‍ എം.എല്‍.എ, ടി.വി. ഇബ്രാഹിം എം.എല്‍.എ, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചഭക്ഷണ ചുമതലയിൽനിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണം -കെ.പി.എസ്.ടി.എ മലപ്പുറം: ഉച്ചഭക്ഷണ ചുമതലയിൽനിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണമെന്ന് കെ.പി.എസ്.ടി.എ മലപ്പുറം റവന്യൂ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.എൽ. ഷാജു, സി. മെഹബൂബ്, ഇ. കൃഷ്ണകുമാർ, ഇ. സുകുമാരൻ, പി. വിനോദ് കുമാർ, കെ.വി. മനോജ് കുമാർ, വി.പി. പ്രകാശ്, ജോയ് മത്തായി, ബെന്നി മാത്യു, ഉമേഷ് കുമാർ, വി.പി. മുഹമ്മദ്, പി. സുബ്ബരാജ്, എം.പി. മുഹമ്മദ്, പി.എം. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.