ഉന്നത വിദ്യാഭ്യാസ പരിഷ്കാര കമീഷൻ സിറ്റിങ്​ നടത്തണം -ജില്ല പഞ്ചായത്ത്​

മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത്​ ജില്ല നേരിടുന്ന പ്രശ്നങ്ങളും അവസരങ്ങളുടെ അപര്യാപ്തതയും മനസ്സിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ പരിഷ്‌കാര കമീഷൻ സിറ്റിങ്​ സംഘടിപ്പിക്കണമെന്ന്​​ ജില്ല പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പരിഷ്‌കരിക്കുന്നതിനും വിദ്യാഭ്യാസ ഹബാക്കി മാറ്റുന്നതിനുമാണ് സർക്കാർ കമീഷനെ നിയോഗിച്ചത്. എന്നാല്‍, മലപ്പുറം അടക്കം മലബാറിലെ ആറ് ജില്ലകളില്‍ തിരുവനന്തപുരം, കൊച്ചി മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ അസമത്വം ഏറെയാണെന്നും ഈ സ്ഥിതി തുടരുന്നത് ജില്ല വീണ്ടും പിന്നോട്ടുപോകാന്‍ കാരണമാകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ ജില്ലയില്‍ സിറ്റിങ്​ നടത്തി പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും വിഷയം കമീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതിയിലേക്ക് നയിക്കാന്‍ ഇത്​​ അനിവാര്യമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. റൈഹാന കൂറുമാടന്‍ അവതരിപ്പിച്ച പ്രമേയത്തിലാണ്​ ഈ ആവശ്യം ഉന്നയിച്ചത്​. കെ.ടി. അജ്മല്‍ പിന്താങ്ങി. പ്രമേയം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഐകക​​േ​ണ്ഠ്യന അംഗീകരിച്ചു. ജില്ല ​പഞ്ചായത്ത്​ റോഡുകൾക്ക്​ മുൻഗണന റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിക്കുമ്പോള്‍ പ്രഥമ പരിഗണന ജില്ല പഞ്ചായത്ത് റോഡുകള്‍ക്ക് നൽകാൻ യോഗം തീരുമാനിച്ചു. 32 ഡിവിഷനുകളിലെയും ജില്ല പഞ്ചായത്ത് റോഡുകള്‍ക്കായിരിക്കും ഫണ്ട്​ ആദ്യം വിനിയോഗിക്കുക. ഗ്രാമപഞ്ചായത്ത് റോഡുകളില്‍ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കുന്ന കാര്യം ഇതിന്​ ശേഷം പരിഗണിക്കും. ഗ്രാമപഞ്ചായത്തുകള്‍ റോഡ് വികസന സമയത്ത് അവരുടെ റോഡുകള്‍ക്ക് മാത്രമേ മുന്‍ഗണന നല്‍കാറുള്ളൂ. ഇക്കാരണത്താല്‍ ജില്ല പഞ്ചായത്തിന്റെ റോഡുകള്‍ പലതും അറ്റകുറ്റപ്പണി നടക്കാതെ തകരുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് റോഡുകള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള തീരുമാനം. റോഡുകള്‍ മാതൃക തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബി.എം.ബി.സിയിലായിരിക്കും ജില്ല പഞ്ചായത്ത് റോഡുകള്‍ ഇനി നവീകരിക്കുക. ഭിന്നശേഷിക്കാർക്ക്​ ഇലക്​ട്രിക്​ വീൽചെയർ വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് ഇലക്‌ട്രിക് വീല്‍ചെയര്‍ നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തും. നേര​ത്തേ ഭിന്നശേഷിക്കാര്‍ക്ക് മുചക്ര വാഹനം വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്​ പുറമെയാണ് വീല്‍ ചെയര്‍ വിതരണം. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ ഇസ്മായില്‍ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷരായ ആലിപ്പറ്റ ജമീല, വി.എ. കരീം, സറീന ഹസീബ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.