കോവിഡ്​ വ്യാപനത്തിന്​ മുൻകരുതൽ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ സുരക്ഷ ശക്തമാക്കി

പുറമേനിന്നുള്ള ഒരാളെയും മേഖലയിലേക്ക് പ്രവേശിപ്പിക്കില്ല കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ജില്ല ഭരണകൂടത്തി​ൻെറ നിർദേശപ്രകാരം സുരക്ഷനടപടി ശക്തമാക്കി. ഫാമിലേക്ക് പ്രവേശിക്കുന്ന മൂന്ന് ഗേറ്റുകളില്‍ പുറമെനിന്ന് എത്തുന്നവരെയും കോവിഡ് വ്യവസ്ഥ ലംഘിക്കുന്നവരെയും കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കി. ഫാമിലേക്ക് പ്രവേശിക്കുന്ന കീഴ്പ്പള്ളി കക്കുവ, പാലപ്പുഴ, വളയംചാല്‍ എന്നിവിടങ്ങളിലാണ് പരിശോധന. പുറമേനിന്നുള്ള ഒരാളെയും മേഖലയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം. പുനരധിവാസ മേഖലയില്‍നിന്ന്​ പുറത്തുപോകുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഗതാഗത സംവിധാനം കുറഞ്ഞ ഫാമിനുള്ളില്‍ ആളുകള്‍ കൂട്ടമായി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി കര്‍ശനമാക്കിയത്. ഫാമിനോട് അതിര്‍ത്തി പങ്കിടുന്ന ആറളം പൊലീസ് സ്​റ്റേഷന്‍ സമ്പര്‍ക്കത്തെ തുടര്‍ന്ന്​ അടച്ചിടേണ്ട അവസ്ഥയിലായതും ഗൗരവമായാണ് അധികൃതർ കാണുന്നത്. ആദിവാസി പുനരധിവാസ മിഷന്‍, ആറളം ഗ്രാമപഞ്ചായത്ത്, ആറളം ഫാമിങ് കോർപ​േറഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടപടി കര്‍ശനമാക്കിയത്. ഫാമിനുള്ളിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങളുടെയും നമ്പറും വാഹനത്തിലെ യാത്രക്കാരുടെ ഫോണ്‍ നമ്പറും മേല്‍വിലാസവും ഇതോടൊപ്പം നല്‍കണം. മേഖലയില്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ സ്വന്തമായി രജിസ്​റ്റര്‍ സൂക്ഷിക്കുകയും ഫാമിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇവ കൈമാറുകയും ചെയ്യണം. പ്രദേശവാസികളില്‍ മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്തുന്നതിനും മറ്റു പ്രദേശങ്ങളില്‍നിന്നും വരുന്നവരെ കണ്ടെത്തുന്നതിനുമായി ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തും. രാത്രി ഒമ്പതിന്​ ശേഷം ആരെയും മേഖലയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം. ഇതിനിടെ ആറളം പൊലീസ് സ്‌റ്റേഷനിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന 17 പൊലീസുകാരുടെയും കോവിഡ് പരിശോധന ഫലം ​െനഗറ്റിവാണെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.