കോവിഡ്​ പ്രതിരോധത്തിന് സംഗീതാവിഷ്‌കാരം

'ഇതും നാം അതിജീവിക്കും' തീം സോങ് പുറത്തിറക്കി കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗീതത്തിലൂടെ ഊര്‍ജം പകരുകയാണ് ജില്ല ഭരണകൂടം. ദേശീയ ആരോഗ്യ ദൗത്യവും ജില്ല ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന 'ഇതും നാം അതിജീവിക്കും' കാമ്പയി‍ൻെറ തീം സോങ് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പുറത്തിറക്കി. കോവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് 'ഇതും നാം അതിജീവിക്കും' കാമ്പയിനിലൂടെ. കോവിഡിനൊപ്പം ആളുകളെ കരുതലോടെ ജീവിക്കാന്‍ ബോധവത്​കരിക്കുകയാണ് ഗാനം ചെയ്യുന്നത്. കണ്ണൂരി‍ൻെറ തനത്​ സവിശേഷതകളിലൂടെയാണ് ഗാനം അവതരിപ്പിക്കുന്നത്. ലോക്ഡൗണ്‍ കാലവും ക്വാറൻറീനില്‍ കഴിയുന്നതി‍ൻെറ ആവശ്യകതയും സാമൂഹിക അകലവും മാസ്‌ക്കി‍ൻെറ പ്രാധാന്യവുമാണ് ഗാനത്തില്‍ ആവിഷ്‌കരിക്കുന്നത്. എന്തൊക്കെ വന്നാലും അവയൊക്കെ നാം അതിജീവിക്കുക തന്നെ ചെയ്യുമെന്ന ദൃഢവിശ്വാസമാണ് 'ഇതും നാം അതിജീവിക്കും' ഗാനത്തിലൂടെ ജനങ്ങളുമായി പങ്കുവെക്കുന്നത്. റഫീഖ് അഹമ്മദാണ് ഗാനരചന. സംഗീത സംവിധാനവും ആലാപനവും നന്ദു കര്‍ത്തയാണ്. ചിത്രീകരണം ജയന്‍ മാങ്ങാടും കാമറ ജലീല്‍ ബാദുഷയും എഡിറ്റിങ് എ.ആര്‍. വിപിന്‍ രവിയും നിര്‍വഹിച്ചിരിക്കുന്നു. സംഗീതത്തിലൂടെ ആളുകള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാവും എന്നതിനാലാണ് സംഗീതമെന്ന മാധ്യമം ബോധവത്​കരണത്തിനായി തിരഞ്ഞെടുത്തതെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു. ചടങ്ങില്‍ സബ് കലക്ടര്‍ എസ്. ഇലാക്യ, അസി. കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം ഇ.പി. മേഴ്‌സി എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.