വെറ്റിലപ്പാറ പുനരധിവാസം: പ്രവർത്തനം ദുരൂഹമായ രീതിയിലെന്ന് ജനപ്രതിനിധികൾ

ഊർങ്ങാട്ടിരി: വെറ്റിലപ്പാറ വില്ലേജിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള കുടുംബങ്ങൾക്കുള്ള പുനരധിവാസ പദ്ധതിയുടെ പ്രവർത്തനത്തിൽ ദുരൂഹതയാരോപിച്ച് ജനപ്രതിനിധികളും രാഷ്​ട്രീയ പാർട്ടി പ്രതിനിധികളും രംഗത്ത്. വില്ലേജിലെ 75 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം എന്ന കണക്കിൽ ഏഴര കോടി രൂപയുടെ പദ്ധതിയിലെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ആദിവാസികളാണ്. പ്രദേശത്തെ ജനപ്രതിനിധികൾക്കോ ഗ്രാമപഞ്ചായത്ത് അധികൃതർക്കോ പദ്ധതി പ്രവർത്തനം ഏറെ മുന്നോട്ടുപോയിട്ടും ഒരറിയിപ്പും കിട്ടാതിരുന്നതോടെയാണ് ദുരൂഹതയാരോപിച്ച് ജനപ്രതിനിധികൾ രംഗത്തുവന്നത്. തനിക്കോ ഗ്രാമപഞ്ചായത്തിനോ പദ്ധതിയെക്കുറിച്ച് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും ആദിവാസികളെ പറ്റിച്ച് ഭൂമി കച്ചവടം നടത്തുകയാണ് ഇടനിലക്കാരെന്നും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി പറഞ്ഞു. മികച്ചരീതിയിൽ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും പ്രസിഡൻറ് പറഞ്ഞു. ദുരന്തമുണ്ടാവുമ്പോൾ മലയോരത്തെ ആദിവാസികൾക്ക് ഒരുമിച്ചുകൂടാനുള്ള മികച്ച സൗകര്യമുള്ള കേന്ദ്രം വേഗത്തിൽ ഉണ്ടാക്കണമെന്നും പ്രസിഡൻറ് പറഞ്ഞു. വെറ്റിലപ്പാറ ഡിവിഷനെ പ്രതിനിധാനംചെയ്യുന്ന തന്നോട് ഒരുഘട്ടത്തിലും പദ്ധതിയെക്കുറിച്ച് ആരും അറിയിച്ചില്ലെന്നും പദ്ധതിപ്രവർത്തനം നിഗൂഢമാക്കുന്നത് എന്തിനാണെന്നും ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി. അബ്​ദുറഹ്മാൻ ചോദിച്ചു. പദ്ധതിപ്രവർത്തനം സുതാര്യമാക്കണമെന്നും ഭൂമാഫിയയുടെ ഇടപെടലിനെക്കുറിച്ച് ആരോപണം ഉയർന്നനിലക്ക് സമഗ്രമായ അന്വേഷണം വേണമെന്നും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ. കോയസ്സൻ, മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ. യൂസുഫ് എന്നിവർ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് നേതാക്കൾ ഭൂമിയിടപാടിൽ നടത്തുന്ന സാമ്പത്തിക തട്ടിപ്പിന് റവന്യൂവകുപ്പ് അധികൃതർ കൂട്ടുനിൽക്കാതെ ഗുണഭോക്താക്കൾക്ക് മാർക്കറ്റ് വിലയിൽ ഭൂമി ലഭ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ഊർങ്ങാട്ടിരി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വി. മനീഷ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.