തീരദേശ സ്കൂളുകളുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന്

പയ്യന്നൂർ: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾ വിദ്യാഭ്യാസം നടത്തുന്ന തീരദേശ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന തീരദേശ വിദ്യാലയങ്ങളുടെ പ്രവൃത്തി ഇന്ന് തുടങ്ങും. കിഫ്ബി ധനസഹായത്തോടെ 36 തീരദേശ മണ്ഡലങ്ങളിലെ 56 സ്കൂളുകളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ 64.23 കോടി രൂപയുടെ ഭരണാനുമതി നൽകി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സ്കൂളുകളുടെ നിർമാണോദ്ഘാടനം വ്യാഴാഴ്ച മൂന്നിന്​ മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക്, പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പയ്യന്നൂർ മണ്ഡലത്തിലെ തീരദേശത്തെ മൂന്ന് സ്കൂളുകൾക്കാണ് പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചിട്ടുള്ളത്. എട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂൾ -13.5 കോടി, രാമന്തളി ഗവ. ഹയർസെക്കൻഡറി സ്കൂൾ -1.42 കോടി, കവ്വായി ഗവ. മാപ്പിള യു.പി സ്കൂൾ -67.68 ലക്ഷം എന്നീ സ്കൂളുകൾക്കാണ് ഫണ്ട് അനുവദിച്ച് പ്രവൃത്തി ആരംഭിക്കുന്നത്. ഇവിടങ്ങളിൽ പ്രാദേശികമായി പ്രവൃത്തി ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും. സി. കൃഷ്ണൻ എം.എൽ.എയും അതത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.