പുളിക്കൽ മദീനത്തുൽ ഉലൂമിന്​ നാക്​ എ പ്ലസ്​ അംഗീകാരം

എ പ്ലസ്​ ഗ്രേഡ്​ നേടുന്ന ആദ്യ അറബിക്​ കോളജ്​ മലപ്പുറം: പുളിക്കൽ മദീനത്തുൽ ഉലൂം അറബിക്​ കോളജിന്​ നാഷനൽ അസസ്​മെന്‍റ്​ ആൻഡ്​​ അക്രഡിറ്റേഷൻ കൗൺസിലിന്‍റെ (നാക്​) എ പ്ലസ്​ ഗ്രേഡ്​ അംഗീകാരം. യു.ജി.സിക്ക്​ കീഴിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ്​ പരിശോധിക്കുന്ന 'നാകി'ന്‍റെ എ പ്ലസ്​ ഗ്രേഡ്​ നേടുന്ന കേരളത്തിലെ ആദ്യ അറബിക്​ കോളജാണ്​ മദീനത്തുൽ ഉലൂം. ഉയർന്ന സ്കോറായ സി.ജി.പി.എ 3.36 ആണ്​ കോളജ്​ നേടിയത്​. നൂതന വിവരസാ​ങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലാസ്​ റൂം, മികച്ച ഫാക്കൽറ്റി അടക്കമുള്ള മികവുകളാണ്​ എ പ്ലസ്​ ഗ്രേഡ്​ നേടാൻ സഹായിച്ചതെന്ന്​ കോളജ്​ പ്രിൻസിപ്പൽ ഡോ. സയ്യിദ്​ മുഹമ്മദ്​ ശാക്കിർ പറഞ്ഞു. പൗരാണികവും ആധുനികവുമായ ഗ്രന്ഥങ്ങളുടെ വിപുലശേഖരമുള്ള ആധികാരിക ലൈബ്രറി കോളജിന്‍റെ സവിശേഷതയാണ്​. 12 വർഷമായി കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിക്ക്​ കീഴിൽ യു.ജി.സി അംഗീകാരമുള്ള പിഎച്ച്​.ഡി റിസർച്ച്​ സെന്‍റർ ഇവിടെയുണ്ട്​. അധ്യാപകരിൽ 80 ശതമാനവും പിഎച്ച്​.ഡി നേടിയവരാണ്​. എട്ട്​ റിസർച്ച്​ ഗൈഡുമാരും 25 ഗവേഷക വിദ്യാർഥികളുമുണ്ട്​. ഇതുവരെ 14 പേർ ഇവിടെനിന്ന്​ പിഎച്ച്​.ഡി നേടി​. രാജ്യത്തിന്​ സ്വാതന്ത്ര്യം കിട്ടുന്നതിന്​ ഒരു മാസം മുമ്പ്​ 1947 ജൂലൈയിലാണ്​ പുളിക്കൽ മദീനത്തുൽ ഉലൂം സ്ഥാപിക്കുന്നത്​. കേരളീയ മുസ്​ലിം നവോത്ഥാന നായകരിൽ പ്രമുഖനായ മൗലാന ചാലിലകത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെ മകനും പണ്ഡിതനുമായ എം.സി.സി അബ്ദുറഹ്മാൻ മൗലവിയാണ്​ സ്ഥാപകൻ. കേരള നദ്​വത്തുൽ മുജാഹിദീൻ പ്രസിഡന്‍റ്​ ടി.പി. അബ്ദുല്ലക്കോയ മദനിയാണ്​ കോളജ്​ മാനേജർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.