ന്യായവില അപാകത: ഭൂവുടമകളുടെ യോഗം ഇന്ന്

മഞ്ചേരി: മഞ്ചേരി, നറുകര വില്ലേജുകളില്‍ ന്യായവില നിര്‍ണയത്തിലുണ്ടായ അപാകത മൂലം ഭൂമിയുടെ ന്യായവില ഭീമമായി വര്‍ധിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഭൂവുടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്‍റെ മുന്നോടിയായി ഇരു വില്ലേജുകളിലെയും ഭൂവുടമകളുടെ യോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് മഞ്ചേരി സഭാഹാളില്‍ ചേരുമെന്ന് ഇവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2010ലാണ് സംസ്ഥാനത്ത് ഭൂമിക്ക് ന്യായവില നിശ്ചയിച്ചത്. സംസ്ഥാനത്ത് ഭൂമാഫിയ ശക്തമാകുന്നുവെന്നും ഇത് സാമ്പത്തിക രംഗത്തുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഏറെ വലുതാകുമെന്നും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ്​ ഒാരോ പ്രദേശങ്ങളുടെയും ഭൂമിശാസ്ത്രവും വാണിജ്യപരവുമായ സ്ഥാനം കണക്കിലെടുത്ത് സര്‍ക്കാര്‍ ന്യായവില നിശ്ചയിച്ചത്. എന്നാല്‍, റീസർവേ നടക്കാത്ത മഞ്ചേരിയിലും നറുകരയിലും നിശ്ചയിച്ച വില വന്‍നഗരങ്ങളെപ്പോലും വെല്ലുന്ന തരത്തിലായിരുന്നുവെന്ന് അവർ പറഞ്ഞു. 2019ല്‍ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടന്നിരുന്നത്. എന്നാല്‍, 2022ല്‍ വന്ന നോട്ടീസ് പ്രകാരം 2010 മുതല്‍ ഉണ്ടായ എല്ലാ വര്‍ധനവും പുറമെ 20 ശതമാനവും വര്‍ധിപ്പിക്കുകയായിരുന്നുവെന്ന് ഭാരവാഹികളായ അഡ്വ. എന്‍.കെ. യഹ്​യ, കരിമുടിക്കല്‍ ഹുസൈന്‍, അവുലന്‍ അബ്ദുല്ല, കൂളിയോടന്‍ അബ്ദുല്‍ റഷീദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.