ഖാദി ഓണം മേള തുടങ്ങി

മിനിമം വേതനം കുടിശ്ശിക സഹിതം ഓണത്തിന്​ മുമ്പ്​ -പി. ജയരാജൻ തൃശൂർ: 'ഖാദി പഴയ ഖാദിയല്ല' സന്ദേശവുമായി നവീന ഫാഷൻ വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമവ്യവസായ ഉല്‍പന്നങ്ങളും വിപണയിലിറക്കി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖാദി ബോര്‍ഡ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ജില്ലതല ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഖാദി തൊഴിലാളികൾക്ക്​ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം കുടിശ്ശിക ഉള്‍പ്പെടെ ഓണത്തിനുമുമ്പ് നല്‍കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. ആദ്യ വില്‍പനയും സമ്മാന കൂപ്പണ്‍ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. മേളയോടനുബന്ധിച്ച് സെപ്റ്റംബര്‍ ഏഴ്​ വരെ ഖാദി ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ഉണ്ടായിരിക്കും. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്‍ പ്രസിഡന്‍റ്​ സി.ബി. ഗീത, ജില്ല ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്ട് ഓഫിസര്‍ എസ്. സജീവ് എന്നിവര്‍ പങ്കെടുത്തു. പീച്ചി ഡാം ഷട്ടറുകള്‍ അഞ്ച് സെ.മീ.കൂടി ഉയര്‍ത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി അണക്കെട്ട് പ്രദേശം സന്ദര്‍ശിച്ചു പീച്ചി: മണലിപ്പുഴയിലെ പീച്ചി അണക്കെട്ട് റവന്യൂ മന്ത്രി കെ. രാജന്‍ സന്ദര്‍ശിച്ചു. അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു സന്ദർശനം. മേജര്‍ ഇറിഗേഷന്‍ എൻജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. നിലവില്‍ മണലിപ്പുഴയിലെ ജലനിരപ്പ് വലിയ പ്രശ്‌നമില്ലാതെയാണ് നിൽക്കുന്നത്​. അടുത്ത രണ്ട് ദിവസം ജില്ലയിൽ മഞ്ഞ അലര്‍ട്ടാണ്. വീണ്ടും മഴ കനക്കുന്നതിനുമുമ്പ് പീച്ചി ഡാമിലെ വെള്ളത്തിന്‍റെ അളവ് ചെറിയ തോതില്‍ കുറക്കേണ്ടതിനാലാണ്​ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 20 സെ.മീ. ഉയര്‍ത്തിയിരുന്ന ഷട്ടറുകള്‍ അഞ്ച് സെ.മീ.കൂടി ഉയർത്തിയിട്ടുണ്ട്​. ഇത് മണലിപ്പുഴയിലെ ജലനിരപ്പില്‍ വലിയ മാറ്റമുണ്ടാക്കില്ല. പുഴയിലെ ജലനിരപ്പ് അപകട നിലയില്‍ എത്തുന്നത് 6.1 മീറ്ററിലാണ്. നിലവില്‍ 5.53 ആണ് പുഴയിലെ ജലനിരപ്പ്. ഡാം ഷട്ടറുകള്‍ ഉയര്‍ത്തിയെന്നു കരുതി കരയില്‍ താമസിക്കുന്നവര്‍ക്ക് ആശങ്കക്ക്​ അവകാശമില്ലെന്ന്​ മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.