ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ അറസ്റ്റ്​ ജനാധിപത്യത്തിന്​ നിരക്കാത്തത് ​-പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഗുജറാത്ത് കലാപത്തിലെ ഇരകൾക്കു വേണ്ടി സംസാരിച്ചവരെ അറസ്റ്റ് ചെയ്തത് ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണെന്ന് മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരകൾക്കുവേണ്ടി കോടതി കയറുകയും നിരന്തരം അവർക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തവരെയാണ് വേട്ടയാടുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. അധിക ചെലവുകൾകൊണ്ട് പൊറുതിമുട്ടുന്ന പൊതുജനത്തിന് കേരള സർക്കാർ സമ്മാനിച്ച ഇരുട്ടടിയാണ് വൈദ്യുതി ചാർജ്​ വർധനയെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്‍റെ പ്രയാസങ്ങളെ ഒരുനിലക്കും പരിഗണിക്കാത്ത ഈ നടപടിക്കെതിരിൽ ജനരോഷം ഉയരുകതന്നെ ചെയ്യും. തെരഞ്ഞെടുപ്പുകാലത്ത് സൗജന്യം കൊടുക്കുമെന്ന് പറഞ്ഞവരാണ് പോക്കറ്റിലുള്ളത് പിടിച്ചുവാങ്ങുന്നത്. കേന്ദ്ര സർക്കാർ ചെയ്യുന്ന അതേ മാതൃകയിലാണ് കേരളവും ജനത്തെ ദ്രോഹിക്കുന്നത്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാനെങ്കിലും എൽ.ഡി.എഫ് തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.