സി.ഡബ്ല്യു.സി: നാല്​ ജില്ലയിൽ മനഃശാസ്ത്ര മേഖലയിൽനിന്നുള്ളവരുടെ പ്രാതിനിധ്യം കുറവ്​

കെ.എം.എം. അസ്​ലം മലപ്പുറം: സംസ്ഥാനത്ത്​ എല്ലാ ജില്ലയിലും ചൈൽഡ്​ വെൽ​ഫെയർ കമ്മിറ്റികൾ നിലവിൽ വന്നെങ്കിലും നാല്​ ജില്ലയിൽ മനഃശാസ്ത്രം, മെഡിക്കൽ സോഷ്യൽ മേഖലയിൽനിന്നുള്ളവരുടെ പ്രാതിനിധ്യം കുറവെന്ന്​​ ആക്ഷേപം. കാസർകോട്​, വയനാട്​, മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ്​ മനഃശാസ്ത്രം, മെഡിക്കൽ സോഷ്യൽ മേഖലയിൽ പരിചയമില്ലാത്തവരെ ഉൾപ്പെടുത്തിയതെന്ന്​ ആക്ഷേപമുള്ളത്​. കാസർകോട്ട്​​ നാല്​ അഭിഭാഷകരും ഒരു സൈക്കോളജിസ്റ്റുമാണ്​ ഉൾപ്പെട്ടിട്ടുള്ളത്​. മലപ്പുറത്ത്​ മൂന്ന്​ അഭിഭാഷകരും രണ്ട്​ അധ്യാപകരും വയനാട് മൂന്ന്​ അഭിഭാഷകരും സാമൂഹികപ്രവർത്തകയും അധ്യാപികയുമാണ്​ ഉൾപ്പെട്ടിട്ടുള്ളത്​. ആലപ്പുഴയിലും അഭിഭാഷകർക്കുതന്നെയാണ്​ മുൻതൂക്കം​. മറ്റു 11 ജില്ലയിൽ വനിത-ശിശു വികസന വകുപ്പ്​ ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ നേതൃത്വത്തിലായിരുന്നു അഭിമുഖം. കാസർകോട്​, വയനാട്​, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ യോഗ്യരായവരെ കണ്ടെത്താത്തതിനെത്തുടർന്ന് അഭിമുഖത്തിന്​​ വീണ്ടും വിജ്ഞാപനം ഇറക്കിയിരുന്നു. തുടർന്ന്​ ദിവസങ്ങൾക്കകം ടി.വി. അനുപമയെ തൽസ്ഥാനത്തുനിന്ന്​ നീക്കി. അതിനുശേഷം നടത്തിയ അഭിമുഖത്തിലാണ്​ മനഃശാസ്ത്ര മേഖലയിലും മെഡിക്കൽ സോഷ്യൽ മേഖലയിലുമുള്ളവർ സി.ഡബ്ല്യു.സി കമ്മിറ്റിയിൽ കാര്യമായി ഉൾപ്പെട്ടിട്ടില്ലെന്ന ആക്ഷേപം ഉയർന്നത്​. പീഡനത്തിന്​ ഇരയായവർ, പോക്​സോ ഇര ഉൾപ്പെടെ പ്രത്യേക പരിഗണനയുള്ള കുട്ടികളുടെ മാനസിക-ശാരീരിക വിവരവും സാഹചര്യവും മനസ്സിലാക്കുന്നതിനാണ്​ ഏഴുവർഷം പ്രവർത്തനപരിചയമുള്ള മനഃശാസ്ത്ര വിദഗ്​ധരെയും മെഡിക്കൽ സോഷ്യൽ വർക്കർമാരെയും ഉൾപ്പെടുത്തണമെന്ന്​ ജുവനൈൽ ജസ്റ്റിസ്​ ആക്ടിൽ നിഷ്കർഷിക്കുന്നത്​​. എന്നാൽ, അഭിഭാഷകർക്കാണ്​ സി.ഡബ്ല്യു.സിയിൽ മുൻതൂക്കം ലഭിക്കുന്നത്​. അഭിഭാഷകർ കമ്മിറ്റിയിൽ അധികമായി വരാൻ കാരണം പാർട്ടിപ്രവർത്തകരെ തിരുകിക്കയറ്റുന്നതിനാലാണെന്ന്​ ശിശുസംരക്ഷണ വിദഗ്​ധർ പറയുന്നു. കുട്ടികളുടെ സംരക്ഷണം, പരിചരണം, പുനരധിവാസം എന്നിവ സംബന്ധിച്ച കേസുകൾ തീർപ്പാക്കുന്ന കമ്മിറ്റിയാണ്​ സി.ഡബ്ല്യു.സി. ചെയർമാൻ ഉൾപ്പെടെ അഞ്ച്​ അംഗങ്ങളാണ്​ കമ്മിറ്റിയിൽ ഉൾപ്പെടുന്നത്​. കഴിഞ്ഞ ആഴ്ച എല്ലാ ജില്ലയിലും സി.ഡബ്ല്യു.സി അംഗങ്ങൾ ചുമതലയേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.