ഇനി എത്ര കാത്തിരിക്കണം ആശങ്ക അകറ്റാൻ എടപ്പാൾ മേൽപാലം ഉദ്ഘാടനം ചെയ്തിട്ട് ആറുമാസമായിട്ടും ശൗചാലയമായില്ല

എടപ്പാൾ: ടൗണിൽ ശൗചാലയം വേണം എന്ന മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആ കാത്തിരിപ്പിന് എടപ്പാൾ മേൽപാലം യാഥാർഥ്യമാക്കുന്നതോടെ പരിഹാരമാകുമെന്ന് ജനം കരുതി. ഒടുവിൽ മേൽപാലം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ഒരു മാസത്തിനകം ശൗചാലയം തുറക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ആ വാക്കും പാഴായി. ആറുമാസമായി ശൗചാലയത്തിന്​ കാത്തിരിപ്പ് തുടരുകയാണ്. തൃശൂർ-കോഴിക്കോട്, പൊന്നാനി-പാലക്കാട് റോഡുകൾ സംഗമിക്കുന്ന എടപ്പാൾ ടൗണിൽ ഇത്രയൊന്നും വളർന്നിട്ടില്ലാത്ത കാലത്ത്​ ആരംഭിച്ചതാണ് ടൗണിലെത്തുന്നവർക്കും കച്ചവടക്കാർക്കും വാഹന ഉടമകൾക്കുമെല്ലാം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കാനുള്ള ശ്രമം. പൊന്നാനി ബ്ലോക്ക് പഞ്ചായത്തും എടപ്പാൾ, വട്ടംകുളം ഗ്രാമപഞ്ചായത്തുകളും ജില്ല പഞ്ചായത്തുമെല്ലാം ഇതിനായി പലവട്ടം ശ്രമങ്ങൾ നടത്തിയിരുന്നു. പല സ്ഥലങ്ങൾ അതിനായി പരിശോധിച്ചു. പല ഫണ്ടുകൾ വകയിരുത്തി. തറക്കല്ലിടൽ വരെ നടത്തി. വർഷങ്ങൾ കടന്നുപോയെങ്കിലും ശൗചാലയം മാത്രം ഉയർന്നില്ല. അവസാനം മേൽപാലത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി ശൗചാലയം നിർമിക്കാനായിരുന്നു പദ്ധതി. അത് നടക്കില്ലെന്ന് കണ്ട് കെ.ടി. ജലീൽ എം.എൽ.എയുടെ നിർദേശപ്രകാരം സ്വകാര്യസ്ഥാപനം ശൗചാലയം നിർമിക്കാൻ തയാറാകുകയായിരുന്നു. തൃശൂർ റോഡിൽ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തായി ശൗചാലയം നിർമാണം നടക്കുന്നുണ്ടെങ്കിലും ആറ് മാസമായിട്ടും പൂർത്തിയായിട്ടില്ല. ടൗണിലെ വിവിധ ചെറുകിട സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകളും ടൗണിൽ പാർക്ക് ചെയ്യുന്ന ടാക്സി, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളിലെ ജീവനക്കാരും ടൗണിലെത്തുന്ന യാത്രക്കാരും ചെറിയ കച്ചവടക്കാരുമെല്ലാമാണ് ശൗചാലയമില്ലാത്തതിനാൽ ഏറെ പ്രയാസമനുഭവിക്കുന്നത്. MP EDPL എടപ്പാൾ ടൗണിൽ നിർമാണം പുരോഗമിക്കുന്ന ശൗചാലയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.