* യൂനിവേഴ്സിറ്റി-എയർപോർട്ട് റോഡും ഒഴിവാക്കി * ഏറ്റെടുക്കുക 14.5 ഏക്കർ മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കലിൽനിന്ന് ചോലംമാട് പള്ളിപ്പാറ ജുമാമസ്ജിദും ഖബർസ്ഥാനും ഒഴിവാക്കി. പൊതുമരാമത്ത് വകുപ്പിന് കീഴിലെ എയർപോർട്ട്-യൂനിവേഴ്സിറ്റി റോഡും നഷ്ടമാകില്ല. പടിഞ്ഞാറ് ഏഴും കിഴക്ക് ഏഴരയും ഉൾപ്പെടെ 14.5 ഏക്കർ ഏറ്റെടുത്ത് വികസനം നടപ്പാക്കാനാണ് തീരുമാനം. നേരത്തേ പടിഞ്ഞാറ് 11ഉം കിഴക്ക് ഏഴരയും ഉൾപ്പെടെ 18.5 ഏക്കർ ഭൂമിയായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. റോഡും പള്ളിയും ഖബർസ്ഥാനും ഒഴിവാക്കണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നിരുന്നു. പള്ളിക്കൽ പഞ്ചായത്തും ഈ ആവശ്യം ഉന്നയിച്ച് വിമാനത്താവള ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് ഇവ ഒഴിവാക്കി വിമാനത്താവള അതോറിറ്റി ആസ്ഥാനത്തേക്ക് പുതിയ നിർദേശം സമർപ്പിച്ചു. ഇതിന് അതോറിറ്റി അംഗീകാരം നൽകിയതോടെയാണ് 14.5 ഏക്കറായി കുറക്കാൻ തീരുമാനിച്ചത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ ചർച്ച ചെയ്യാനായി മലപ്പുറം കലക്ടറേറ്റിൽ ശനിയാഴ്ച മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിമാനത്താവളം നഷ്ടമാകാതിരിക്കാനുള്ള നടപടിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് യോഗത്തിനുശേഷം മന്ത്രി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഭൂമി വിട്ടുനൽകുന്നവർക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകും. ഏറ്റെടുക്കുന്ന ഭൂമി മണ്ണിട്ട് നിരപ്പാക്കി നൽകണമെന്നാണ് കേന്ദ്രനിർദേശം. ഇക്കാര്യം സർക്കാർ പരിശോധിക്കുകയാണ്. പുതിയ നിർദേശത്തിന്റെ കാരണം വ്യക്തമല്ല. സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽകൂടി വ്യക്തത വന്നതിനുശേഷമാകും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഇറക്കുക. യോഗത്തിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, കെ.പി.എ. മജീദ്, കലക്ടർ വി.ആർ. പ്രേംകുമാർ, കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദാലി, വിമാനത്താവള ഡയറക്ടർ എസ്. സുരേഷ്, എ.ഡി.എം എൻ.എം. മെഹറലി, കൗൺസിലർ കെ.പി. ഫിറോസ്, പഞ്ചായത്ത് അംഗങ്ങളായ ജമാൽ കരിപ്പൂർ, കെ. നസീറ, ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർമാർ, വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.