റെസ നീളം കൂട്ടൽ: പുതിയ തീരുമാനം പ്രതിഷേധം കുറച്ച് നടപടി വേഗത്തിലാക്കാൻ

side story കരിപ്പൂർ: കാലിക്കറ്റ്​ വിമാനത്താവള വികസനത്തിന് കുറഞ്ഞ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് പ്രതിഷേധങ്ങൾ ഒഴിവാക്കി നടപടികൾ വേഗത്തിലാക്കാൻ. റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) റൺവേയുടെ ഇരുവശത്തും 240 മീറ്ററായി വർധിപ്പിക്കാൻ 18.5 ഏക്കർ ഭൂമിയായിരുന്നു നേരത്തേ ആവശ്യപ്പെട്ടിരുന്നത്. പള്ളിക്കൽ വില്ലേജിൽനിന്ന്​ 11ഉം നെടിയിരുപ്പ് വില്ലേജിൽനിന്ന്​ ഏഴര ഏക്കറും ഉൾപ്പെടെ ഏറ്റെടുക്കാനായിരുന്നു മുൻ തീരുമാനം. പള്ളിക്കലിൽ പ്രധാന റോഡും പള്ളിയും ഖബർസ്ഥാനും ഏറ്റെടുക്കുന്നതിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഇതൊഴിവാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യം അംഗീകരിച്ചാണ് വിമാനത്താവള അതോറിറ്റി പുതിയ നിർദേശം സംസ്ഥാനത്തിന് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അത്യാവശ്യമായ ഭൂമി മാത്രം ഏറ്റെടുത്ത് വികസനം നടപ്പാക്കാനാണ് അധികൃതരുടെ ശ്രമം. പള്ളിക്കലിൽ ഏഴ് ഏക്കറിൽ 12 വീടുകളും രണ്ട് വാണിജ്യ കെട്ടിടവും ഒരു അംഗൻവാടിയുമാണുള്ളത്. കിഴക്ക് വശത്ത് ഒഴിപ്പിക്കപ്പെടുന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്ക് ലഭ്യമായിട്ടില്ല. ഭൂമി ഏറ്റെടുത്ത് റെസ ദീർഘിപ്പിക്കുന്നതോടെ വലിയ വിമാന സർവിസ് പുനരാരംഭിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. കൂടാതെ, നിലവിൽ 2,860 മീറ്റർ നീളമുള്ള റൺവേയിൽ 2,700 മീറ്ററാണ് ഉപയോഗിക്കുന്നത്. ബാക്കി ഭാഗം റെസയായാണ് പരിഗണിക്കുന്നത്. ഇതിനുപകരം ഇരുവശത്തും 240 മീറ്റർ പൂർണമായി റെസ നിർമിക്കണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമി നിലവിലുള്ള റൺവേയുടെ ഉയരത്തിൽ മണ്ണിട്ട് നൽകേണ്ടതുണ്ട്. സംസ്ഥാനത്തിനോട് നിരപ്പായ ഭൂമി 2023 മാർച്ചിനകം കൈമാറാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിൽ വ്യക്തത വന്നതിനുശേഷമാകും തുടർനടപടികൾ. ഈ വർഷം അവസാനത്തോടെ ഭൂമി കൈമാറാനാണ് സംസ്ഥാന സർക്കാർ ശ്രമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.