കൂടല്ലൂരിലെ ചെങ്കൽഗുഹയിൽ മൂന്ന് അറ കണ്ടെത്തി

ആനക്കര: കൂടല്ലൂരില്‍ മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കൽഗുഹയിൽ നടക്കുന്ന ഖനനത്തിന്‍റെ രണ്ടാം ദിവസം മൂന്ന് അറ കണ്ടെത്തി. ചൊവ്വാഴ്ച ചെങ്കൽ ഗുഹക്ക് മുന്‍വശത്ത് നന്നങ്ങാടി കണ്ടെത്തിയിരുന്നു. ഇതിന് സമീപമാണ് ബുധനാഴ്ച ഖനനം നടന്നത്. ഗുഹയിലേക്കുള്ള പ്രവേശനവഴിയിലെ മണ്ണ്​ മാറ്റിയപ്പോഴാണ് മൂന്ന് കല്‍പാളി കണ്ടത്. ത്രികോണാകൃതിയായ ഇതിലേക്ക് ഇറങ്ങാൻ കല്‍പടവുകളും ചെങ്കല്ലില്‍തന്നെ വെട്ടിയുണ്ടാക്കിയിരിക്കുകയാണ്​. പടിഞ്ഞാറുള്ള കല്‍പാളി തുറന്നാല്‍ മാത്രമേ അറക്കകത്ത് എന്തൊക്കെ ശേഷിപ്പുകളാണെന്ന് വ്യക്തമാകൂവെന്ന് ഗവേഷകര്‍ പറഞ്ഞു. ശരാശരി 60 സെ.മീ. വീതിയും 80 സെ.മീ. ഉയരവുമുണ്ട് കല്‍പാളികള്‍ക്ക്. ഇടനാഴിയുടെ ആഴം 125 സെ.മീറ്ററാണ്. മനോഹരരീതിയില്‍ വെട്ടിയുണ്ടാക്കിയതാണ് ഇപ്പോള്‍ കണ്ട ഇടനാഴി. ഗുഹയുടെ തെക്ക് കാണുന്ന രണ്ട് അറ നേരത്തേ തുറന്ന് പരിശോധന നടത്തിയിരുന്നു. ഇനി ഒരറയാണ് തുറക്കാനുള്ളത്. ഇപ്പോള്‍ കണ്ടെത്തിയ ഇടനാഴിയില്‍ മൂന്ന് അറയും കല്ല് വെച്ച് അടച്ചനിലയിലാണ്. ഇതിലെ രണ്ട് അറ തെക്ക്​ കണ്ട ഗുഹാമുഖത്തില്‍നിന്ന് തുറന്ന് നോക്കിയതാണ്. കുടിവെള്ള പദ്ധതിക്ക്​ പൈപ്പിടുന്നതിന് ചാല്‍ കീറുന്നതിനിടെയാണ് ഗുഹ കണ്ടെത്തിയത്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് ഓഫിസര്‍ കെ. കൃഷ്ണരാജ്, വി.എ. വിമല്‍കുമാര്‍, ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം. P3 ank കൂടല്ലൂരില്‍ ചെങ്കൽഗുഹയിലെ ഖനനത്തില്‍ കണ്ടെത്തിയ ഇടനാഴി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.