വിജയക്കൊടി പാറിച്ച് പൊന്നാനി ഉപജില്ലയിലെ സർക്കാർ സ്കൂളുകൾ

ഉപജില്ലയിൽ 98.84 ശതമാനം വിജയം പൊന്നാനി: ഉപജില്ലയിൽ സർക്കാർ സ്കൂളുകളാണ് ഓരോ വർഷവും വിജയശതമാനത്തിൽ വൻ കുതിപ്പ് നടത്തി മുന്നേറുന്നത്. ഉപജില്ലയിലെ നാല് സർക്കാർ വിദ്യാലയങ്ങളും ഇത്തവണ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. ഇതിൽ നൂറു ശതമാനം വിജയം നേടി വെളിയങ്കോട്, പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾ നാടിന് അഭിമാനമായി. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിജയശതമാനം മികച്ച സൗകര്യങ്ങളുള്ള സ്വകാര്യ സ്കൂളുകളുടെ ഫലത്തോട് കിടപിടിക്കുന്നതാണ്. ഉപജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കിരുന്ന വിദ്യാലയങ്ങളിലൊന്നാണിത്. 676 വിദ്യാർഥികൾ പരീക്ഷയെഴുതിയ സ്കൂളിൽനിന്ന് 668 കുട്ടികളും വിജയികളായി. ഫുൾ എ പ്ലസ് നേടിയ 40 വിദ്യാർഥികളും ഈ വിദ്യാലയത്തിലുണ്ട്. 98.82 ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. തീരദേശ മേഖലയിലെ വിദ്യാർഥികൾ ഏറെ ആശ്രയിക്കുന്ന വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്​ തുടർച്ചയായ രണ്ടാം തവണയാണ് നൂറ് ശതമാനം വിജയം നേടാനായത്. 47 കുട്ടികളാണ്​ പരീക്ഷയെഴുതിയത്​. പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 73 വിദ്യാർഥികളും വിജയികളായി നൂറ് ശതമാനം വിജയം നേടി. പൊന്നാനി തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മികച്ച വിജയശതമാനമാണ് ഈ വർഷമുള്ളത്. 140 കുട്ടികളിൽ 134 പേരും വിജയിച്ച് 95.71 ശതമാനം വിജയം കരസ്ഥമാക്കി. പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളും വിജയമാത സ്കൂളും 100 ശതമാനം വിജയം നേടി. പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ഫുൾ എ പ്ലസ് നേടിയത്​-47 പേർ. 98.02 ശതമാനം വിജയവും നേടി. എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി പുതുപൊന്നാനി 97.95 ശതമാനവും എം.ഐ. ഹയർ സെക്കൻഡറി സ്കൂൾ 98.73 ശതമാനവും പൊന്നാനി ഗേൾസ് ഹയർ സെക്കൻഡറി 99.39 ശതമാനവും വന്നേരി ഹയർ സെക്കൻഡറി 98.31 ശതമാനവും എം.ഇ.എസ് ഹയർ സെക്കൻഡറി 99.26 ശതമാനവും വിജയം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.