പോത്തുകല്ലിലെ കോൺക്രീറ്റ് പാലം: ഒരുമാസത്തിനകം നിർമാണ പുരോഗതി അറിയിക്കണം -മനുഷ്യാവകാശ കമീഷൻ

നിലമ്പൂർ: പോത്തുകല്ല് പഞ്ചായത്തിലെ കുമ്പളപ്പാറ കാട്ടുനായ്ക്ക കോളനിവാസികൾ ഉപയോഗിച്ചുവരുന്ന തൂക്കുപാലം പ്രളയത്തിൽ ഒഴുകിപ്പോയ സാഹചര്യത്തിൽ പകരം നിർമിക്കാനുദ്ദേശിക്കുന്ന കോൺക്രീറ്റ് പാലത്തിന്‍റെ പുരോഗതി ഒരുമാസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പട്ടികവർഗ വികസന ഡയറക്ടർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. വനത്തിലെ കോളനി കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണ് 2018ലെ പ്രളയത്തിൽ ഒഴുകിപോയത്. തുടർന്ന് താൽക്കാലിക പാലം നിർമിച്ചെങ്കിലും 2019ലെ പ്രളയത്തിൽ അതും തകർന്നു. പുതിയ കോൺക്രീറ്റ് പാലം നിർമിക്കുന്നതിന് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് മുഖേന പട്ടികവർഗ വികസന വകുപ്പ് മൂന്നുകോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി പട്ടികവർഗ വികസന ഡയറക്ടർക്ക് സമർപ്പിച്ചിരുന്നെങ്കിലും അനുമതി കിട്ടിയില്ലെന്ന് സംയോജിത പട്ടികവർഗ വികസന പ്രോജക്ട്​ ഓഫിസർ കമീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഒരു മാസത്തിനുള്ളിൽ അനുമതി നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടത്. ഇരുട്ടുകുത്തി, വാണിയംമ്പുഴ, കരിപ്പപ്പൊട്ടി തുടങ്ങിയ പണിയ കോളനികളിലെയും കുമ്പളപ്പാറ, കാട്ടുനായ്ക്ക കോളനിയിലെയും അന്തേവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾക്കെതിരെ അഖിലകേരള പട്ടികജാതി പട്ടികവർഗ സമാജം സംസ്ഥാന പ്രസിഡന്‍റ് മൂത്തോറൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. വാണിയമ്പുഴ കോളനിയിൽ കുടിവെള്ളം എത്തിക്കുന്നതിന് അഞ്ച്​ ലക്ഷത്തിന്‍റെ പദ്ധതി നടന്നുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കുമ്പളപ്പാറ തരിപ്പപ്പൊട്ടി ആദിവാസി കോളനിയിൽ 55 താൽക്കാലിക ശുചിമുറികൾ നിർമിക്കാൻ ആരംഭിച്ചെങ്കിലും വന സംരക്ഷണ നിയമത്തിന് വിരുദ്ധമായതിനാൽ പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 12.50 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചാൽ ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി കുമ്പളപ്പാറ കോളനികളിൽ പാർപ്പിടവും ജീവനോപാധികളുമെത്തിക്കാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.