കോണ്‍ഗ്രസിന്‍റേത് നിരാശ സമരമെന്ന് നഗരസഭ

നിലമ്പൂര്‍: മാലിന്യസംസ്കരണ മേഖലയില്‍ തങ്ങള്‍ക്ക് നടപ്പാക്കാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകാണുന്നതിലെ നിരാശയാണ് കോണ്‍ഗ്രസിന്‍റെ റീത്ത് സമരമെന്ന് നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ല കോടതിയുടെ വിമര്‍ശനവും ശാസനയും നേടിയവരാണ് മുന്‍ യു.ഡി.എഫ് ഭരണക്കാര്‍. ഇവരുടെ കാലത്ത് പൊതുസ്ഥലങ്ങളില്‍ ഡമ്പ്​ ചെയ്ത മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തനമാണ് പുതിയ ഭരണസമിതിക്ക് ഏറ്റെടുക്കേണ്ടിവന്നത്. ശുചിത്വ മേഖലയില്‍ ചെലവഴിക്കേണ്ട കോടികള്‍ കഴിഞ്ഞ 10 വര്‍ഷം ധൂര്‍ത്തും അഴിമതിയും നടത്തിയവരുടെ മുഖമുദ്രയാണ് മത്സ്യമാര്‍ക്കറ്റിലെ പ്രവര്‍ത്തിക്കാത്ത ബയോഗ്യാസ് പ്ലാന്‍റ്​. വീടുകളിലേക്ക് നല്‍കി എന്ന് പറയപ്പെടുന്ന പൈപ്പ് കമ്പോസ്റ്റ് ഇപ്പോൾ കാണുന്നില്ല. കഴിഞ്ഞ ഭരണകാലത്ത് ആയിരത്തില്‍ താഴെ വീടുകളില്‍നിന്നാണ് ഹരിത സേനാംഗങ്ങള്‍ വസ്തുശേഖരണം നടത്തിയിരുന്നത്. പുതിയ എൽ.ഡി.എഫ് ഭരണസമിതി ഇത് ആറായിരത്തിലധികം വീടുകളില്‍നിന്ന് ശേഖരിക്കുന്നു. മുമ്പ് 50 കടകളില്‍നിന്നാണ് മാലിന്യം ശേഖരിച്ചിരുന്നതെങ്കിൽ ഇന്ന് 600ല്‍ അധികം കടകളില്‍നിന്ന്​ എടുക്കുന്നു. നഗര ശുചീകരണപ്രവൃത്തിക്ക് മാത്രമായി 24 തൊഴിലാളികളായി വിപുലപ്പെട്ടു. 1500 രൂപയായിരുന്ന ഇവരുടെ വേതനം 15,000 രൂപ വരെ ലഭിക്കുന്നു. റീത്ത് വെക്കേണ്ടത് നിലമ്പൂരിലെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് മേലാണെന്നും ചെയർമാൻ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ പി.എം. ബഷീര്‍, കക്കാടന്‍ റഹീം എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഭരണപക്ഷ കൗൺസിലർമാരെപോലും വിശ്വാസത്തിലെടുക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ല -കോൺഗ്രസ്​ നിലമ്പൂർ: നഗരസഭയിൽ നടപ്പാക്കുന്ന പദ്ധതികളെല്ലാം ജനവിരുദ്ധമാണെന്നും ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതികളെ ചോദ‍്യം ചെയ്യുകയും ഒപ്പം എതിർക്കുമെന്നും മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതികൾ ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമാണ്. ഭരണസമിതിയിലെ കൗൺസിലർമാരെപോലും വിശ്വാസത്തിലെടുക്കാൻ എൽ.ഡി.എഫ് ഭരണസമിതിക്ക് ആവുന്നില്ല. ഘടകകക്ഷി കൗൺസിലർമാർപോലും നഗരസഭയുടെ പദ്ധതി ചടങ്ങുകൾ ബഹിഷ്കരിക്കുകയാണ്. മാലിന്യസംസ്കരണ നിർമാർജന പദ്ധതിക്ക് വേണ്ടിയുള്ള നഗരസഭയുടെ ഉടമസ്ഥതയിലെ സ്ഥലത്ത് പദ്ധതി നടപ്പാക്കിയപ്പോൾ അതിനെ ഇപ്പോഴത്തെ ഭരണസമിതി എതിർക്കുകയാണ് ചെയ്തത്. ഇതോടെ ഇവിടെ ഭൂരഹിതർക്കും ഭവനരഹിതർക്കും ഫ്ലാറ്റ് സമുച്ചയം ഉണ്ടാക്കാൻ തീരുമാനിച്ചു. ഇതും പുതിയ ഭരണസമിതി അട്ടിമറിച്ചു. നഗരസഭ നടപ്പാക്കുന്ന നല്ല പദ്ധതികളെ പിന്തുണക്കും. ജനവിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ട് പോയാൽ പൊതുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും. നഗരസഭയിൽ എൽ.ഡി.എഫിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി പങ്കെടുത്ത ചടങ്ങുൾപ്പെടെ പല പൊതു പരിപാടികളിൽനിന്ന്​ ഭരണസമിതി കൗൺസിലർ ഇസ്മായിൽ എരഞ്ഞിക്കൽ വിട്ടുനിൽക്കുകയും എതിർപ്പ്​ പ്രകടിപ്പിക്കുകയും ബയോബിൻ പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് പരസ്യപ്പെടുത്തിയിട്ടുമുണ്ട്. വാർത്തസമ്മേളനത്തിൽ പാലോളി മെഹബൂബ്, അഡ്വ. ഷെറി ജോർജ്, പി.ടി. ചെറിയാൻ, വി.എ. ലത്തീഫ്, മുസ്തഫ കളത്തുംപടിക്കൽ, സി.ടി. ഉമ്മർകോയ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.