ബഫര്‍സോണ്‍: മലയോരമേഖലയില്‍ യു.ഡി.എഫ്​ ഹര്‍ത്താല്‍ നാളെ

നിലമ്പൂർ: ബഫർസോൺ ഉത്തരവുമായി ബന്ധപ്പെട്ട് മലയോര മേഖലയില്‍ യു.ഡി.എഫ് വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തും. മേഖലയിലെ 11 പഞ്ചായത്തിലും നിലമ്പൂര്‍ നഗരസഭയും ഉള്‍പ്പെടുന്ന മേഖലയിലാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ്​ നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 2019ല്‍ ഇടതുമുന്നണി സര്‍ക്കാറിന്‍റെ തീരുമാനം വന്നത്​ മുതല്‍ യു.ഡി.എഫ് ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചിരുന്നതാണ്. ഇപ്പോള്‍ സുപ്രീംകോടതിയുടേതാണ് ഉത്തരവെന്നാലും ഇക്കാര്യത്തില്‍ കുറ്റക്കാര്‍ ഇടതുസര്‍ക്കാറാണെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയി പറഞ്ഞു. നിലമ്പൂര്‍ നിയോജക മണ്ഡലം ഉള്‍പ്പെടുന്ന മേഖലയില്‍ ബഫർസോൺ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും പറഞ്ഞു. രാവിലെ ആറ്​ മുതല്‍ വൈകീട്ട് ആറ്​ വരെയാണ് ഹര്‍ത്താല്‍. സ്വകാര്യവാഹനയാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവരുടെയും സഹകരണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ടി.പി. സിദ്ദീഖ്, എൻ.എ. കരീം, എം.കെ. ബാലകൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.