അഗ്​നിരക്ഷാസേന ഓഫിസുകളിലെ ഭരണവിഭാഗം തസ്തിക നിർത്തലാക്കാൻ നീക്കം

കോഴിക്കോട്, മലപ്പുറം, വയനാട്​ ജില്ലകളിലെ ക്ലർക്ക്​ തസ്തികയാണ്​​ വെട്ടിച്ചുരുക്കുന്നത്​ മലപ്പുറം: മലബാറിലെ അഗ്​നിരക്ഷാസേന ഓഫിസുകളിലെ ഭരണവിഭാഗം തസ്തികകൾ നിർത്തലാക്കാൻ നീക്കം. കോഴിക്കോട്​, മലപ്പുറം, വയനാട്​ എന്നിവിടങ്ങളിലെ ജില്ല ഫയർ ഓഫിസുകളിലെ ഓരോന്നും കോഴിക്കോട്​ റീജനൽ ഫയർ ഓഫിസിലെ മൂന്നും​ ഉൾപ്പെടെ ആറ്​ ക്ലർക്ക്​ തസ്തികയാണ്​​ നിർത്തലാക്കുന്നത്​. റീജനൽ ഓഫിസിലെ മൂന്ന്​ ക്ലർക്ക്​ തസ്തിക ഇല്ലാതാവുന്നതോടെ ഇവിടത്തെ സൂപ്പർവൈസറി തസ്തികയായ ജൂനിയർ സൂപ്രണ്ട്​ കസേരയും ഇല്ലാതാവുമെന്നാണ്​ വിവരം. തസ്തികകൾ നിർത്തലാക്കുമ്പോൾ ഈ ഉദ്യോഗസ്ഥരെ തെക്കൻ ജില്ലകളിലേക്ക്​ മാറ്റുകയാണ്​ ചെയ്യുക. ജോലിഭാരം സംബന്ധിച്ച്​ എറണാകുളം റീജനൽ ഫയർ ഓഫിസർ നൽകിയ അപേക്ഷയിൽ റിപ്പോർട്ട്​ സമർപ്പിക്കാൻ ഫയർ ആൻഡ്​​ റെസ്​ക്യൂ സർവിസ്​ ഡയറക്ടർ ജനറൽ നേരത്തേ സീനിയർ സൂപ്രണ്ട്​, സീനിയർ ക്ലർക്ക്​ എന്നിവരങ്ങിയ സമിതി​യെ ഫെബ്രുവരിയിൽ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിലാണ്​ തസ്തികകൾ പുനർവിന്യസിക്കാനുള്ള ശിപാർശയുള്ളത്​. കോഴിക്കോട്​ റീജനൽ ഓഫിസിലെ ക്ലർക്കുമാരെ പിൻവലിക്കാൻ നേരത്തേ നീക്കം നടന്നിരുന്നെങ്കിലും ഓഫിസ്​ പ്രവർത്തനംതന്നെ താളംതെറ്റുമെന്ന്​ കാണിച്ച്​ ഫയർ ഓഫിസർ നൽകിയ റിപ്പോർട്ടിനെത്തുടർന്ന്​​ മരവിപ്പിക്കുകയായിരുന്നു. കോഴിക്കോട്ടുമാത്രം ഒമ്പത്​ അഗ്​നിരക്ഷാസേന സ്​റ്റേഷനിലായി 361 ജീവനക്കാരാണുള്ളത്​. ഇവരുടെ ജി.പി.എഫ്​, അവധി ​അപേക്ഷ, ശമ്പളവിതരണം, മെഡിക്കൽ റീ ഇം​ബേഴ്​സ്​മെന്‍റ്​ ഉൾപ്പെടെ സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യമായത്ര ഓഫിസ്​ ജീവനക്കാരില്ലെന്ന പരാതി നിലനിൽക്കെയാണ്​ ഉള്ള ആളുകളെകൂടി പിൻവലിക്കുന്നതെന്നാണ്​ ആക്ഷേപം. ഹോം ഗാർഡുമാരുടെ സേവന വേതന ഫയലുകളും ഇതേ ക്ലർക്കുമാരാണ്​ കൈകാര്യം ചെയ്യേണ്ടത്​. സിവിൽ ഡിഫൻസ്​ വിഭാഗത്തിന്‍റെ തെരഞ്ഞെടുപ്പ്​, പരിശീലനം, അനുബന്ധ ജോലികൾ, ആശുപത്രികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ഫയലുകൾ, ബഹുനില കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ക്വാറി, ക്രഷർ എന്നിവിടങ്ങളിലേക്കുള്ള സാക്ഷ്യപത്രങ്ങൾ, എൽ.പി.ജി, പെട്രോളിയം വിതരണ കേന്ദ്രങ്ങളിലേക്കുള്ള നിരാക്ഷേപപത്രം, പടക്കസംഭരണം, വിൽപന സർട്ടിഫിക്കറ്റുകൾ തയാറാക്കൽ എന്നിവയെല്ലാം ബന്ധപ്പെട്ടവരുടെ മേൽനോട്ടത്തിൽ തയാറാക്കുന്നതും ക്ലർക്കുമാരാണ്​. സേവന മേഖലയായതിനാൽ ബാധ്യതകൾ പരിഗണിക്കാതെ അഗ്​നിരക്ഷാസേനയിൽ ആവശ്യത്തിന്​ ഭരണവിഭാഗം തസ്തിക സൃഷ്ടിക്കണമെന്ന​ 2013ലെ ഹൈകോടതി വിധിയുടെ ലംഘനംകൂടിയാണ്​ തസ്തികകൾതന്നെ ഇല്ലാതാക്കാനുള്ള നീക്കമെന്നാണ്​ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.