കോഴിക്കോട്-ഷൊര്‍ണൂര്‍ പാതയിലെ യാത്രക്ലേശം പരിഹരിക്കണം -സമദാനി

വള്ളിക്കുന്ന്: കോവിഡ് കാരണം നിർത്തിവെച്ച ഹ്രസ്വദൂര സർവിസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകൾ ഉടൻ പുനഃസ്ഥാപിച്ച് കോഴിക്കോട്-ഷൊര്‍ണൂര്‍ പാതയിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മാനേജർക്ക് ഡോ. എം.പി. അബ്ദുസ്സമ്മദ് സമദാനി കത്തയച്ചു. മലബാർ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥർ, മറ്റുതൊഴിലാളികൾ ഉൾപ്പെടെയുള്ള ജനം ആശ്രയിച്ചിരുന്ന കോഴിക്കോട്-ഷൊര്‍ണൂര്‍ റൂട്ടിലെ കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചർ, കോഴിക്കോട്-തൃശൂര്‍ പാസഞ്ചർ, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചർ ഉൾപ്പെടെ ആറ് പാസഞ്ചർ ട്രെയിൻ എത്രയും പെട്ടെന്ന് പുനഃസ്ഥാപിച്ചു ജനം നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു. പതിനഞ്ചിലധികം ബോഗികളുമായി സർവിസ് നടത്തിയിരുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍-കണ്ണൂർ ട്രെയിൻ ഒമ്പത് ബോഗിയുള്ള മെമുവാക്കി മാറ്റിയതും വലിയ പ്രയാസങ്ങളാണ് യാത്രക്കാർക്ക് ഉണ്ടാക്കുന്നത്. കോഴിക്കോട്-ഷൊര്‍ണൂര്‍ പാതയിലെയും നിലമ്പൂർ-ഷൊർണൂർ പാതയിലെയും വിവിധ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തുന്നതിന്​ ഏപ്രിലിൽ പാലക്കാട് ഡിവിഷനൽ മാനേജറുമായും സമദാനി ടെലിഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, പ്രശ്നപരിഹാരം നീളുകയാണെന്നും സമദാനി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.