പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതനുമുന്നിൽ മാഞ്ഞ സീബ്രാലൈൻ
കോഴിക്കോട്: ജില്ലയിലെ പ്രധാന റോഡുകളിൽ സീബ്രാലൈൻ ഇല്ലാത്തതും ഉള്ള ലൈനുകൾ മങ്ങിപ്പോയതും അപകടങ്ങൾ വർധിക്കാൻ ഇടയാകുന്നു. തിരക്കേറിയ പല റോഡുകളിൽ മുറിച്ചുകടക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് കാൽനടയാത്രക്കാർക്ക് ഏറെ പ്രതിസന്ധി തീർക്കുന്നത്.
സീബ്രാ ലൈനുകൾ മാഞ്ഞുപോയതിനാൽ നടക്കാന്‍ ബുദ്ധിമുട്ടുള്ളവരും പ്രായമായവരും രോഗികളും വിദ്യാർഥികളും റോഡുകളിൽ അപകടഭീതിയിലാണ് യാത്രതുടരുന്നത്.
ലൈനുകൾ തെളിയാത്തതിനാൽ മിക്ക ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരെ പരിഗണിക്കുന്നില്ല.
വാഹനങ്ങളുടെ വേഗത കാരണം നാട്ടുമ്പുറത്തെ റോഡുകളിൽ പോലും മുറിച്ചുകടക്കാന്‍ കാൽനടയാത്രക്കാർ ഏറെ സമയം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. നഗരഹൃദയമായ മാവൂർറോഡിലെയും ലൈനുകൾ മാഞ്ഞിട്ട് മാസങ്ങളായി. പലതവണ ട്രോമകെയർ അധികൃതരും മറ്റും പരാതി നൽകിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ജീവൻ പണയംവെച്ചാണ് കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്നതെന്ന് പെൻഷനേഴ്സ് യൂനിയൻ ഭാരവാഹികൾ പറഞ്ഞു. യാത്രക്കിടെ ഏതു നിമിഷവും വാഹനമിടിച്ചുതെറിപ്പിക്കുമെന്ന അവസ്ഥയാണ് റോഡുകളിൽ. മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും കാര്യക്ഷമതയില്ലായ്മയാണ് യാത്രക്കാരുടെ പേടിസ്വപ്നത്തിന് കാരണമാകുന്നതെന്നാണ് ആക്ഷേപം.
കൊയിലാണ്ടി, വടകര ഭാഗങ്ങളിൽ റോഡുകൾതന്നെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ സീബ്രാലൈൻ തന്നെ ഇല്ല. മഴമാറിയിട്ടും മാർക്കിങ് ചെയ്യാത്തത് ഏറെ വിമർശനത്തിന് ഇടയാക്കി. ഉടൻ മാർക്കിങ് പ്രവൃത്തി ആരംഭിക്കുമെന്ന് റോഡ്സ് എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.