കോഴിക്കോട്: യൂത്ത് കോൺഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടും ഗ്രൂപ് മത്സരം കെട്ടടങ്ങുന്നില്ല. തെരഞ്ഞെടുപ്പിൽ വോട്ട് വ്യാജമായി രേഖപ്പെടുത്തിയതായും ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ ജനന തീയതി തിരുത്തി മത്സരിച്ചവരാണെന്നും പരാതി ഉയർന്നു. ജില്ല സെക്രട്ടറിയായി ജയിച്ചയാൾ രണ്ടു വോട്ട് രേഖപ്പെടുത്തിയെന്ന് പരാതിയുണ്ട്. ഗ്രൂപ് തിരിഞ്ഞ് ആരോപണവുമായി നേതാക്കൾ തന്നെയാണ് രംഗത്തെത്തുന്നത്. ജില്ലയിൽ പ്രധാനമായും മൂന്ന് ഗ്രൂപ്പുകളായാണ് മത്സരം നടന്നത്. പഴയ എ ഗ്രൂപ് രണ്ടായിത്തിരിഞ്ഞ് സിദ്ദീഖ് വിഭാഗം, കെ.സി. അബു വിഭാഗം, രമേശ് ചെന്നിത്തലയെ പിന്തണക്കുന്ന ഐ ഗ്രൂപ് എന്നിവരായിരുന്നു പരസ്യമായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണക്കുന്ന വിഭാഗം സിദ്ദീഖ് വിഭാഗവുമായി സഖ്യമുണ്ടാക്കിയും മത്സര രഗംത്തുണ്ടായിരുന്നു. ഫലം പുറത്തുവന്നതോടെ അവകാശ വാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളുമായി മത്സരിക്കുകയാണ് നേതാക്കൾ.
ഉണ്ണികുളം മണ്ഡലം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജിതിൻ ലാൽ ജനന തീയതി തിരുത്തിയാണ് മത്സരിച്ചതെന്നും ഇയാൾക്ക് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും ഐ ഗ്രൂപ്പും കെ.സി. അബുവിനെ പിന്താങ്ങുന്ന പഴയ എ ഗ്രൂപ്പും ആരോപിക്കുന്നു. സിദ്ദീഖ് വിഭാഗത്തിന്റെ പ്രതിനിധിയായിട്ടായിരുന്നു ജിതിൻ ലാൽ മത്സരിച്ചത്. ജിതിൻ ലാൽ നാമ നിർദേശപത്രിക സമർപ്പിച്ച സമയത്ത് തന്നെ ഇതിനെതിരെ ആരോപണം ഉയരുകയും പരാതിപ്പെടുകയും ചെയ്തിരുന്നുവെന്നും എന്നാൽ അതിൽ കൃത്യമായ പരിശോധന നടന്നില്ലെന്നും എതിർ ഗ്രൂപ്പുകൾ ആരോപിക്കുന്നു. നാദാപുരത്തും ഒരു സ്ഥാനാർഥിക്കെതിരെ ആരോപണം ഉണ്ടായിരുന്നു. പക്ഷേ, അയാൾ പരാജയപ്പെട്ടു. 10.7.1987നു ശേഷം ജനിച്ചവർക്കേ മത്സരിക്കാൻ യോഗ്യതയുള്ളൂ എന്നാണ് യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ബൈലോയിൽ പറയുന്നത്. എന്നാൽ, ജിതിൻലാൽ 1987 ജനുവരിയിൽ ജനിച്ചയാളാണെന്നാണ് എതിർ ഗ്രൂപ്പുകളുടെ ആരോപണം. സംസ്ഥാന നേതൃത്വത്തിന് ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും ജിതിൻ ലാലിനെ പദവിയിൽനിന്ന് മാറ്റണമെന്നും ഐ ഗ്രൂപ് നേതാക്കൾ ആവശ്യപ്പെട്ടു. 2013ൽ കൊടുവള്ളിയിൽ നിന്ന് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥിയെ നേതൃത്വം ഇടപെട്ട് മാറ്റി നിർത്തിയിരുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.
വ്യാജ ഐ.ഡി കാർഡുകൾ നിർമിച്ച് വ്യാജ വോട്ട് ചെയ്തതായും ആരോപണമുണ്ട്. തടഞ്ഞുവെച്ച വോട്ടുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ ഫലം പ്രഖ്യാപിച്ചത് ഫലത്തിൽ പ്രതിഫലിച്ചതായും പറയുന്നു. 12500 വോട്ടുകളാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ തടഞ്ഞുവെച്ചിരുന്നത്. രേഖകൾ ഹാജരാക്കിയപ്പോൾ ഇതിൽ 2500 എണ്ണം മാത്രമേ പരിഗണിക്കപ്പെട്ടിട്ടുള്ളു. 10000 വോട്ടുകൾ പരിഗണിക്കപ്പെട്ടില്ല. താമരശ്ശേരിയിൽ ഒരു ഐ ഗ്രൂപ് സ്ഥാനാർഥി ഒരു വോട്ടിനാണ് തോറ്റത്. ഇവിടെ ജില്ല സെക്രട്ടറിയായി ജയിച്ച വ്യക്തിതന്നെ രണ്ടു വോട്ട് ചെയ്തതായും ആക്ഷേപമുണ്ട്. ഇതിനെതിരെ നേതൃത്വത്തിന് പരാതി നൽകി. പുതിയറ, എലത്തൂർ തുടങ്ങിയ മണ്ഡലങ്ങളിലും 10ൽ താഴെ വോട്ടിനാണ് സ്ഥാനാർഥികൾ തോറ്റത്. 61 മണ്ഡലങ്ങളിൽ തങ്ങൾ ജയിച്ചുവെന്ന് പ്രസിഡന്റ് സ്ഥാനം കിട്ടിയ സിദ്ദീഖ് പക്ഷം അവകാശപ്പെടുന്നു. എന്നാൽ, സിദ്ദീഖ്- കെ.സി. വേണുഗോപാൽ സഖ്യത്തിന് ആകെ 47 സീറ്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും 31 സീറ്റ് ഐ ഗ്രൂപ്പിനും 25 സീറ്റ് കെ.സി. അബുവിന്റെ എ ഗ്രൂപ്പിനും ലഭിച്ചിട്ടുണ്ടെന്നും മറ്റ് ഗ്രൂപ്പുകളും അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.