എലത്തൂർ: വാഹന യാത്രക്കാരനുനേരെ തോക്ക് ചൂണ്ടിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. എരഞ്ഞിക്കൽ കളത്തിൽ താഴത്ത് അബിയെയാണ് (26) വെള്ളിയാഴ്ച എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ഏഴരയോടെ എടക്കാട് സ്വകാര്യ ആശുപത്രിക്ക് സമീപത്തു വെച്ചാണ് ഗുഡ്സ് വാഹനത്തിലുണ്ടായിരുന്നവർക്കെതിരെ യുവാവ് തോക്ക് ചൂണ്ടിയത്.
കാരപ്പറമ്പ് ഭാഗത്തുനിന്ന് വരുകയായിരുന്ന അബി ഓടിച്ച കാറിനെ ഗുഡ്സ് വാഹനം മറികടക്കുകയായിരുന്നു. ഗുഡ്സ് വാഹനത്തിന് വശം കൊടുത്തില്ലെന്ന കാരണത്താൽ പിന്നീട് വശം കൊടുക്കാതെ ഗുഡ്സ് വാഹനവും പോവുകയായിരുന്നു. ക്ഷുഭിതനായ അബി ഗുഡ്സ് വാഹനത്തെ മറികടക്കവേ തന്റെ കാറിലുണ്ടായിരുന്ന എയർഗൺ എടുത്ത് ഗുഡ്സ് വാഹന ഡ്രൈവർക്കെതിരെ ചൂണ്ടുകയായിരുന്നു.
ഇതേത്തുടർന്ന് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും കാറിനെ മറികടന്ന് ഗുഡ്സ് വാഹനം കുറുകെ നിർത്തുകയും ചെയ്തു. എലത്തൂർ ഐ.പി എം. സായൂജ്, പ്രിൻസിപ്പൽ എസ്.ഐ രാജേഷ് കുമാർ, എസ്.ഐ കെ.രാജീവ് എന്നിവർ സ്ഥലത്തെത്തി അബിയെ അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എയർഗൺ സുഹൃത്തിന്റെതാണെന്നും ടിക് ടോക് വിഡിയോക്കുവേണ്ടി തമാശക്ക് ചെയ്തതാണെന്നും അബി പൊലീസിനോട് പറഞ്ഞു. ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയാണ് അബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.