വിലങ്ങാട് പാലൂരിൽ കാട്ടാനകളിറങ്ങി നശിപ്പിച്ച കൃഷിയിടം കർഷകസംഘം നേതാക്കൾ
സന്ദർശിക്കുന്നു
നാദാപുരം: വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് മലയോരത്ത് കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ണവം വനമേഖലയോട് ചേർന്നുനിൽക്കുന്ന പാലൂർ മേഖലയിലാണ് ആനക്കൂട്ടം സംഹാരതാണ്ഡവമാടിയത്. ബിജു കുറ്റിക്കാട്ട്, കുഞ്ഞാൻ പൊള്ളൻപാറ, മാത്യു പുൽത്തകിടിയേൽ, ടി.എം. തോമസ് തണ്ണിപ്പാറ, ജയ്സൺ തണ്ണിപ്പാറ തുടങ്ങിയ കർഷകരുടെ വിളകളാണ് ആനകൾ നശിപ്പിച്ചത്. തെങ്ങ്, കവുങ്ങ്, റബർ, വാഴ എന്നിവ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഒറ്റയാനുൾപ്പെടെയുള്ള അഞ്ചംഗ കാട്ടാനക്കൂട്ടമാണ് കൃഷിയിടങ്ങളിലിറങ്ങിയത്.
20 മുതൽ 30 വർഷമായ തെങ്ങുകൾ പിഴുതെറിഞ്ഞു. കഴിഞ്ഞ നാലു ദിവസമായി കൃഷിയിടങ്ങളിൽ ആനകൾ തമ്പടിക്കുന്നുണ്ട്. ഉൾവനത്തിലേക്ക് കടക്കാതെ കൃഷിഭൂമിയോട് ചേർന്ന വനമേഖലയിൽതന്നെ ആനകൾ നിലയുറപ്പിച്ചതായും നാട്ടുകാർ പറഞ്ഞു. ആനകളെ തുരത്തുന്നതിന് ഒരു നടപടിയും വനംവകുപ്പ് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.
ഡിസംബർ, ജനുവരി മാസങ്ങളിൽ വനത്തിൽ ശക്തമായ കാറ്റടിക്കുന്നതോടെ കൂടുതൽ ആനകൾ കാട്ടിൽനിന്ന് കൃഷിയിടത്തിലിറങ്ങുമെന്നും കർഷകർക്ക് ആശങ്കയുണ്ട്. ആനകളെ തുരത്തുന്നതിനും പാലൂര് മേഖലയിൽ ഫെൻസിങ് സ്ഥാപിക്കുന്നതിനും അടിയന്തരനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കർഷകരെ അണിനിരത്തി വനംവകുപ്പിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർഷകസംഘം വിലങ്ങാട് മേഖലാ കമ്മിറ്റി അറിയിച്ചു.
കാട്ടാനയിറങ്ങി കൃഷിനാശം സംഭവിച്ച പ്രദേശങ്ങൾ കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. മേഖലാ സെക്രട്ടറി കെ.പി. രാജീവൻ, സാബു മുട്ടത്തുകുന്നേൽ, കെ.ജെ. ജോസ്, മനോഹരൻ, ഷാജു, ഷിൻസ്, കർഷകനായ ബിജു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.