WE INDIA അഗ്നിജ്വാല പടവാളാക്കി മുന്നേറിയവർ

(വി ഇന്ത്യ അറ്റ് 75 പരമ്പര) കൊയിലാണ്ടി: സാമ്രാജ്യത്വത്തിനെതിരെ രോഷാഗ്നി പടർത്തിയ പ്രദേശമാണ് ചേമഞ്ചേരി. വൈദേശികാധിപത്യത്തിന്റെ ആദ്യകാൽപാടുകൾ പതിഞ്ഞ മണ്ണുകൂടിയാണിത്. ഇന്ത്യയെ അടിമയാക്കി വെച്ചവർക്കെതിരെ ശക്തമായ പോരാട്ടമാണ് ഇവിടത്തെ മനുഷ്യർ നടത്തിയത്. അതിന് അവർക്ക് കഠിനപീഡനം ഏൽക്കേണ്ടിയും വന്നു. എന്നിട്ടും അവർ ധീരമനസ്സുമായി പോരാടി. ക്വിറ്റിന്ത്യ പ്രക്ഷോഭം ചേമഞ്ചേരിയിലും പ്രതികരണമുണ്ടാക്കി. 1942 ആഗസ്റ്റ് ഒന്നിന് അർധരാത്രി ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ, തിരുവങ്ങൂർ റെയിൽവേ ഹാൾട്ട്, തിരുവങ്ങൂർ രജിസ്ട്രാർ ഓഫിസ്, തിരുവങ്ങൂർ വില്ലേജ് ഓഫിസ് എന്നിവ തീയിട്ടു. കുറുത്തിശാല മാധവൻ നായർ, കെ.ബി. മാധവൻ കിടാവ്, കാരോളി ഉണ്ണിനായർ, കാരോളി അപ്പുനായർ, തറയിൽ ഉണ്ണിനായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. നിരവധിപേർ വേറെയുമുണ്ട്. സംഭവം ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. പ്രതികാര വാഞ്ജയോടെ അവർ രംഗത്തിറങ്ങി. ഭീകരമർദനം അഴിച്ചുവിട്ടു. വി.എ. കേശവൻ നായർ തുടങ്ങിയ സ്വതന്ത്രഭാരതം രഹസ്യപത്രവും ഇവിടെനിന്ന് അടിച്ചിരുന്നു. 17 ലക്കം ചേമഞ്ചേരി കിഴക്കേവീട്ടിൽ വെച്ച് അച്ചടിച്ചു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അച്ചുകൂടം ഒറുവങ്കര കുളത്തിൽ ഉപേക്ഷിച്ചു. അവിടെവെച്ച് പൊലീസ് കണ്ടെടുത്തു. കേളപ്പജിയുടെ മകൻ ടി.പി. കുഞ്ഞിരാമൻ കിടാവ്, കുന്നാടത്ത് കെ.വി. മാധവൻ കിടാവ്, കിഴക്കേ കാരോളി ഉണ്ണിനായർ, കാരോളി അപ്പുനായർ, യു.കെ. കൃഷ്ണൻ നായർ എന്നിവരായിരുന്നു പത്രത്തിനുവേണ്ടി പ്രവർത്തിച്ചത്. പത്രം അടിച്ച സംഭവത്തിൽ കെ.വി. മാധവൻ കിടാവിനെ 1945 ആഗസ്റ്റിൽ ഷൊർണൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. ആറു മാസം തടവിന് ശിക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.