പേരാമ്പ്ര: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുന്നണികൾ കൂട്ടിയും കുറച്ചുമുള്ള കണക്കെടുപ്പിലാണ്. സംസ്ഥാനത്തുതന്നെ ശ്രദ്ധേയ മത്സരം നടന്ന പേരാമ്പ്രയിൽ ചരിത്രം ആവർത്തിക്കുമോ അതോ തിരുത്തുമോ എന്ന കൗതുകത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.
കഴിഞ്ഞ തവണത്തെപ്പോലെ വമ്പൻ ഭൂരിപക്ഷമില്ലെങ്കിലും ജയിച്ചുകയറാമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. സ്ഥാനാർഥി ടി.പി. രാമകൃഷ്ണനും ഭൂരിപക്ഷം കുറഞ്ഞാലും ജയിക്കുമെന്ന് ഉറപ്പിച്ചുപറയുന്നു. എന്നാൽ, യു.ഡി.എഫ് ക്യാമ്പിലും ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല.
ചരിത്രം തിരുത്തുമെന്ന് അവർ ആവർത്തിക്കുന്നു. 49 വർഷമായി എൽ.ഡി.എഫ് എം.എൽ.എമാരാണ് പേരാമ്പ്രയിൽ ഉള്ളത്. പാർലമെൻറ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ തിരിച്ചടിയെ തുടർന്നാണ് സി.പി.എം പുതുമുഖത്തെ പരീക്ഷിക്കാതെ ടി.പിയെ തന്നെ വീണ്ടും ഇറക്കിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യു.ഡി.എഫ്, സി.പി.എം-ബി.ജെ.പി ബന്ധം ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടി.പിയുടെ ജന്മനാടായ കീഴരിയൂരിൽ ഉൾപ്പെടെ ബി.ജെ.പി ഏജന്റുമാർ ബൂത്തുകളിൽ ഇരുന്നില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പ്രായമായ ബി.ജെ.പി അനുഭാവികളുടെ വോട്ടുകൾ പോലും എൽ.ഡി.എഫ് പ്രവർത്തകർ ഓപൺ വോട്ടുകളായി ചെയ്തതായാണ് ആരോപണം. എങ്കിലും 5000 വോട്ടിൽ കുറയാതെ ജയിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു.
എന്നാൽ, കഴിഞ്ഞതവണ ടി.പി. രാമകൃഷ്ണന് ലഭിച്ച 22000 വോട്ടിനു മുകളിലുള്ള ഭൂരിപക്ഷം ഒന്നും ലഭിച്ചില്ലെങ്കിലും 10,000ത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ് ലിയ പേരാമ്പ്ര വന്നിറങ്ങിയത് മുതൽ മത്സരത്തിന് വീര്യം പകർന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും വർഗീയപരമായ ആരോപണങ്ങളും പ്രചാരണ രംഗത്ത് നിറഞ്ഞുനിന്നു.
എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽനിന്ന് വന്ന ഖൗമിലെ കുട്ടി പരാമർശം സംസ്ഥാനത്ത് മൊത്തം ചർച്ചയായി. യു.ഡി.എഫിനുവേണ്ടി രാഹുൽ ഗാന്ധി തന്നെ പേരാമ്പ്രയിലെത്തിയപ്പോൾ എൽ.ഡി.എഫിനുവേണ്ടി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എത്തി.
പോളിങ് ശതമാനത്തിലെ വർധനയും ഇരു മുന്നണികൾക്കും പ്രതീക്ഷ നൽകുന്നു. കഴിഞ്ഞതവണ ലഭിച്ച വോട്ടിനേക്കാൾ കൂടുതൽ ലഭിച്ച് നില മെച്ചപ്പെടുത്തുമെന്ന് ബി.ജെ.പി സ്ഥാനാർഥി എം. മോഹനനും അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.