മാവൂർ: വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വയലുകളിൽ കണിവെള്ളരി വിളവെടുപ്പ് തുടങ്ങി. മാവൂർ, പെരുവയൽ, ചാത്തമംഗലം, ചെത്തുകടവ്, ചെറുകുളത്തൂർ, വെള്ളന്നൂർ, കുറ്റിക്കാട്ടൂർ ഭാഗങ്ങളിലാണ് കണിവെള്ളരി വിളവെടുപ്പ്. കടുത്ത വെയിൽ അടക്കമുള്ള പ്രതിബന്ധങ്ങൾ അതിജീവിച്ചാണ് ഇത്തവണ വിളവെടുപ്പ്.
വിദൂര സ്ഥലങ്ങളിലേക്കും ഹൈപ്പർ-സൂപ്പർമാർക്കറ്റുകളിലേക്കും മറ്റും എത്തിക്കാനുള്ള വെള്ളരിയുടെ വിളവെടുപ്പാണ് തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വലിയ സൂപ്പർ മാർക്കറ്റുകളിലേക്കടക്കം ഈ ഭാഗങ്ങളിൽനിന്ന് ലോഡുകൾ കൊണ്ടുപോകുന്നുണ്ട്. കടുത്ത വെയിലും വരൾച്ചയും കാരണം വിളവ് കുറഞ്ഞിട്ടുണ്ട്. ജലലഭ്യത കുറഞ്ഞതിനാൽ ദൂരെനിന്നും വെള്ളം എത്തിച്ച് ഏറെ പ്രയാസങ്ങൾ സഹിച്ചാണ് വെള്ളരി വളർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നു. വിളവെടുത്ത വെള്ളരിയിൽനിന്നുള്ള വിത്താണ് അടുത്ത വർഷത്തെ കൃഷിക്ക് സൂക്ഷിച്ചുവെക്കാറുള്ളത്.
പ്രാദേശിക വിപണിയിൽ വിഷുവിന് രണ്ടോ മൂന്നോ ദിവസം മുമ്പാണ് കണിവെള്ളരി എത്തുക. നെൽകൃഷി വിളവെടുത്തശേഷം ഒഴിഞ്ഞ പാടങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഫെബ്രുവരി അവസാനത്തോടെ വിത്തിട്ടാൽ വിഷുവാകുമ്പോഴേക്കും വിളഞ്ഞു പാകമാകും. വർഷങ്ങളായി വിഷുവിന് കണിവെള്ളരി വിപണിയിൽ എത്തുന്നത് നാട്ടിലെ വയലുകളിൽനിന്നാണ്. മാവൂർ പാടത്ത് പാരമ്പര്യ കർഷകൻ എൻ.എ. മരക്കാർ ബാവയുടെ നേതൃത്വത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് കണിവെള്ളരി കൃഷി ചെയ്തിട്ടുണ്ട്. ഇതിന്റെ വിളവെടുപ്പ് കഴിഞ്ഞദിവസം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.