ചെറുപുഴയുടെ വല്ലത്തായിക്കടവ്
മുക്കം: കാരശ്ശേരി പഞ്ചായത്തിൽ ചെറുപുഴയുടെ വല്ലത്തായിക്കടവിൽ കോൺക്രീറ്റ് പാലം നിർമിക്കുന്നതിന് 4.7 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം.എല്‍.എ അറിയിച്ചു. മഴ ശക്തമാവുകയോ മലവെള്ളപ്പാച്ചിലുണ്ടാവുകയോ ചെയ്താൽ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങുന്ന വെന്റ് പൈപ്പ് പാലമാണ് ഇവിടെയുള്ളത്. മഴയാരംഭിച്ചാൽ പാലം വെള്ളത്തിൽ മുങ്ങി ഗതാഗതം ദിവസങ്ങളോളം തടസ്സപ്പെടുക പതിവാണ്. മുക്കത്തുനിന്ന് കാരമൂല വഴി വല്ലത്തായിപ്പാറ, തേക്കുംകുറ്റി, കൂമ്പാറ, കക്കാടംപൊയിൽ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാർഗമാണിത്. ഈ ഭാഗങ്ങളിലെ വിദ്യാർഥികൾ മുക്കത്തെയും കാരമൂലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നതും ഇതുവഴിയാണ്.
മഴയിൽ വെള്ളത്തിൽ മുങ്ങുന്ന വെൻറ് പൈപ്പ് പാലത്തിനുപകരം ഇവിടെ കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കോണ്‍ക്രീറ്റ് പാലം പണിയാൻ നാലുകോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും 2021 ഫെബ്രുവരിയിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി പ്രവൃത്തി ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാല്‍, അപ്രോച്ച് റോഡ് നിർമാണത്തിന് സ്ഥലം ലഭ്യമാവാതെ വന്നതോടെ പ്രവൃത്തി ആരംഭിക്കുന്നത് നീണ്ടു. അപ്രോച്ച് റോഡിന് പരിഹാരമായെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ നിരക്ക് പരിഷ്കരണം വിലങ്ങുതടിയായി. ഇതിനാണ് ഇപ്പോള്‍ പുതുക്കിയ ഭരണാനുമതി ലഭിച്ചതോടെ പരിഹാരമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.