കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലൈ 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയില്‍നിന്ന് പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 2,45,091 പേര്. കരട് വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 697 ഉം വാർഡ് മാറ്റത്തിന് 9,566 ഉം പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ 36,920 ഉം അപേക്ഷകൾ ലഭിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഓഗസ്റ്റ് 12 വരെ അവസരമുണ്ടാവും.
2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം. ഇതോടൊപ്പം പട്ടികയിലെ വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് (https://sec.kerala.gov.in) വഴി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം.
വോട്ടര്‍പട്ടികയില്‍നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍.
പഠനം, ജോലി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ദൂരസ്ഥലങ്ങളില്‍ താമസിക്കുന്നതിനാലോ മറ്റോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് മുമ്പില്‍ ഹിയറിങ്ങിന് നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പ്രത്യേക സൗകര്യം ഒരുക്കി. ഓണ്‍ലൈനായി സമര്‍പ്പിച്ച എല്ലാ വിവരങ്ങളുമുള്ള അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട ശേഷം അച്ഛനോ അമ്മയോ കുടുംബത്തിലെ ഏതെങ്കിലും അംഗമോ മുഖേന നേരിട്ട് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയോ അപേക്ഷയുടെ പ്രിന്റൗട്ടില്‍ അപേക്ഷകന് ഒപ്പിട്ട ശേഷം സ്കാന്‍ ചെയ്ത് സ്വന്തം ഇ-മെയില്‍ ഐഡിയില്‍നിന്ന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് ഇ-മെയില്‍ അയക്കുകയോ ചെയ്യാം. ആവശ്യമെങ്കില്‍ ഹിയറിങ് തീയതിയിലോ ശേഷമോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ വീഡിയോ കോള്‍ വഴി അപേക്ഷകനെ ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.