കോഴിക്കോട്: അറിവും നൈപുണ്യവും എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളം എല്ലാ ബ്ലോക്കുകളിലും ഉന്നതനിലവാരമുള്ള തൊഴില്‍ നൈപുണി കേന്ദ്രങ്ങള്‍ ആരംഭിക്കും. ജില്ല പഞ്ചായത്തിന്റെയും ജില്ല ഭരണകൂടത്തിന്റെയും സഹായത്തോടെ ജില്ലയിലെ ഓരോ ബ്ലോക്കിലും ഒരു വിദ്യാലയം സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററായി വികസിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഗുണമേന്മയുള്ള നൈപുണി വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കി തൊഴില്‍ വൈദഗ്ധ്യമുള്ള തലമുറയെ സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഓരോ പ്രദേശത്തിന്റെയും തൊഴില്‍സാധ്യതകള്‍ക്കനുസരിച്ച രണ്ടു കോഴ്‌സുകളാണ് ഓരോ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലും നടപ്പാക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന കോഴ്‌സുകള്‍ക്കാവശ്യമായ ലാബുകളൊരുക്കാനും മറ്റു ചെലവുകള്‍ക്കുമായി ഒരു സ്‌കൂളിന് 21.5 ലക്ഷം രൂപ വീതം 16 സെന്ററുകള്‍ക്കായി 3.44 കോടി രൂപ അനുവദിച്ചു. നാഷനല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്ററില്‍ നിഷ്‌കര്‍ഷിച്ച എന്‍.എസ്.ക്യു.എഫ് ജോബ് റോളുകളാണ് ഓരോ നൈപുണി വികസന കേന്ദ്രത്തിലും ആരംഭിക്കുക. അവധിദിവസങ്ങള്‍ ഉപയോഗിച്ചാണ് 300 മുതല്‍ 400 വരെ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ നടത്തുക.
സ്‌കൂള്‍ പഠനകാലത്തിനുശേഷവും 21 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും പ്ലേസ്‌മെന്റും നല്‍കുംവിധമാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.