വി.കെ. നാരായണൻ കൊടുവള്ളിയിൽ നടത്തിയ ഒറ്റയാൾ പ്രതിഷേധം (ഫയൽ ചിത്രം)
കൊടുവള്ളി: മലബാറിന്റെ, പ്രത്യേകിച്ച് കൊടുവള്ളിയുടെ കലാ-സാംസ്കാരിക ഭൂപടത്തിൽ നാടകത്തിന്റെ പെരുമ്പറ കൊട്ടിയ പ്രിയ നാടകപ്രവർത്തകനും അധ്യാപകനുമായിരുന്ന വി.കെ. നാരായണൻ മാസ്റ്റർ ഇനി ഓർമ്മ. അരങ്ങിലും അക്ഷരമുറ്റങ്ങളിലും ഒരേപോലെ സർഗാത്മകതയുടെ വിത്തുപാകിയ വി.കെ, നാടകത്തെ ശ്വാസമാക്കിയാണ് ജീവിതവഴിയിലൂടെ സഞ്ചരിച്ചത്. കൊടുവള്ളി ഗവ. സ്കൂളിൽ പഠിക്കുന്ന കാലത്താണ് വി.കെയിലെ നാടകക്കാരൻ ഉണരുന്നത്. പ്രശസ്ത നാടകപ്രവർത്തകൻ കെ. ബാലകൃഷ്ണൻ മാസ്റ്ററുടെ നാടക പരിശീലനം നോക്കിനിന്ന ആ വിദ്യാർഥിക്ക്, ഒടുവിൽ മാസ്റ്ററുടെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് സംഭാഷണം വായിച്ചുകൊടുക്കാനുള്ള ചുമതല ലഭിച്ചു. ആ അവിചാരിത നിയോഗമാണ് പിന്നീട് മലയാള നാടകവേദിക്ക് മികച്ചൊരു സംവിധായകനെയും രചയിതാവിനെയും സമ്മാനിച്ച അഭിനയമോഹത്തിന് അടിത്തറയിട്ടത്.
കോഴിക്കോട് ഗവ. ആർട്സ് കോളജിലെ പ്രീഡിഗ്രി പഠനകാലത്താണ് ആദ്യമായി അരങ്ങിലെത്തുന്നത്. സ്വന്തമായി രചനയും സംവിധാനവും നിർവഹിച്ച 'ആറാമൻ' എന്ന നാടകത്തിലൂടെ മികച്ച നാടകത്തിനും അഭിനേതാവിനുമുള്ള പുരസ്കാരങ്ങൾ നേടി അദ്ദേഹം കലാരംഗത്തേക്ക് ചുവടുറപ്പിച്ചു. തുടർന്ന് ഡിഗ്രി കാലത്ത് അവതരിപ്പിച്ച 'പാവക്കൂത്ത്' എന്ന നാടകത്തിലൂടെ വീണ്ടും മികച്ച നടനുള്ള പുരസ്കാരം വി.കെയെ തേടിയെത്തി.
കീഴുപറമ്പ് ഗവ. സ്കൂളിലായിരുന്നു അധ്യാപക ജീവിതത്തിന്റെ തുടക്കം. മടപ്പള്ളി ഗവ. സ്കൂൾ, കല്ലാച്ചി, കൊടുവള്ളി, മാവൂർ, പൂനൂർ, കരുവൻപൊയിൽ, കോവൂർ, പയമ്പ്ര തുടങ്ങി നിരവധി വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. പോയിടങ്ങളിലെല്ലാം വിദ്യാർഥികളിൽ നാടക-സാഹിത്യ അഭിരുചികൾ വളർത്താൻ അദ്ദേഹം ശ്രമിച്ചു. പൂനൂർ ഗവ. സ്കൂളിൽ ഗസ്റ്റ് അധ്യാപികയായെത്തിയ ചാന്ദ്നി ടീച്ചറെ പീന്നീട് ജീവിതപങ്കാളിയാക്കി. മൃത്യോമ അമൃതംഗമയ, കഴുകപുരാണം, പട്ടണത്തിൽ പുലി, കല്യാണസൗഗന്ധികം, എന്റെ സത്യാന്വേഷണ പരീക്ഷകൾ, നായാട്ട്, ജാലകം തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. പ്രേതകഥകൾ പ്രമേയമാക്കിയ രൗദ്രവീരൻ, രക്തരക്ഷസ് എന്നീ നാടകങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
'ഉണരേണ്ടത് മനുഷ്യരാണ്', 'സൂര്യാവർത്തം' തുടങ്ങി മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള നാടകങ്ങളും അദ്ദേഹം രചിച്ചു. വി.കെ. പ്രമോദ്, ആർ.സി. രാജേഷ് എന്നിവർ വേഷമിട്ട 'നേരുകാരൻ' എന്ന നാടകം വി.കെയുടെ രചനാ-സംവിധാന മികവിന്റെ എക്കാലത്തെയും വലിയ അടയാളമാണ്. ലളിതഗാന രംഗത്തും അദ്ദേഹം തന്റെ മുദ്രപതിപ്പിച്ചു. ദേശത്തിന്റെ സാംസ്കാരിക ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച 'ദേശവേദി നെടുമല' എന്ന സംഘടനക്ക് പിന്നിൽ വി.കെയായിരുന്നു.
കലാകാരന്മാർക്കും വിദ്യാർഥികൾക്കും കുറഞ്ഞ നിരക്കിൽ നാടക വസ്ത്രങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും ലഭ്യമാക്കാൻ കൊടുവള്ളി കലിക്കറ്റ് കോളജിന് സമീപം 'മേക്കപ്പ് റൂം' എന്നൊരു സ്ഥാപനം അദ്ദേഹം ആരംഭിച്ചിരുന്നു. കുട്ടികൾക്കായി ഒരു നാടൻപാട്ട് സംഘത്തെ വാർത്തെടുക്കുക, താൻ രചിച്ച ഇരുപത്തഞ്ചോളം നാടകങ്ങൾ പുസ്തകമാക്കി മാറ്റുക തുടങ്ങിയ വലിയ നാടകസ്വപ്നങ്ങൾ ബാക്കിവെച്ചാണ് കൊടുവള്ളിയുടെ ഈ പ്രിയപ്പെട്ട നാടകപ്രതിഭ വിടപറഞ്ഞത്. എങ്കിലും അരങ്ങുകളിൽ അദ്ദേഹം പകർന്നുനൽകിയ വെളിച്ചം വരുംതലമുറകളിലൂടെ എന്നും ജ്വലിച്ചുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.