കോഴിക്കോട് കടപ്പുറത്തു മറച്ചുകെട്ടി നിർമാണം നടക്കുന്ന സിഗ്നൽ സ്റ്റേഷൻ ഉൾപ്പെട്ട സ്ഥലം
കോഴിക്കോട്: കടൽത്തീരത്തെ പൈതൃക കേന്ദ്രം തുറമുഖ വകുപ്പിന്റെ അനുമതിയില്ലാതെ പൊളിച്ചുനീക്കുന്നത് വിവാദമാകുന്നു. പഴയ തുറമുഖ ഓഫിസിനും ലൈറ്റ് ഹൗസിനും സമീപത്തായി സ്ഥിതി ചെയ്യുന്ന കോഴിക്കോട്ടെ ചരിത്രപ്രധാനമായ പോർട്ട് സിഗ്നൽ സ്റ്റേഷനാണ് പൊളിച്ചുനീക്കുന്നത്.
കപ്പലുകൾക്കും വഞ്ചികൾക്കും ദിശയും സന്ദേശവും നൽകാനും കടൽത്തീരത്തെ സുരക്ഷാ നിരീക്ഷണത്തിനുമായാണ് ഈ സ്റ്റേഷൻ പ്രവർത്തിച്ചത്. വർഷങ്ങളോളം നാവികർക്കും മത്സത്തൊഴിലാളികൾക്കും ആശ്രയമായി നഗരത്തിന്റെ അടയാളമായി സംരക്ഷിച്ചുപോന്ന പൈതൃകമുദ്രയായ സിഗ്നൽ സ്റ്റേഷൻ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് പുതിയ നിർമാണത്തിന്റെ പേരിൽ പൊളിച്ചുനീക്കുന്നത്. മാരിടൈം ബോർഡിൽനിന്ന് അഞ്ചു വർഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്താണ് സംരക്ഷിക്കപ്പെടേണ്ട കെട്ടിടം തുറമുഖവകുപ്പിന്റെ അനുമതിയില്ലാതെ പുതുതായി ആരംഭിക്കുന്ന കെട്ടിടത്തിനുവേണ്ടി പൊളിച്ചു നീക്കുന്നത്.
അനധികൃത നിർമാണം സംബന്ധിച്ച് മാരിടൈം ബോർഡിലെ ഉന്നതരെ അറിയിച്ചിട്ടും നടപടിയില്ല. ഇതു സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. മാരിടൈം ബോർഡിൽ നിന്ന് പാട്ടത്തിനു വാങ്ങിയ സ്ഥലത്ത് ചട്ടം ലംഘിച്ച് നിർമാണാനുമതി നൽകിയ കോർപറേഷൻ ഉദ്യോഗസ്ഥരുടെ നടപടിയും വിവാദമാകുകയാണ്. രാഷ്ട്രീയ സ്വാധീനത്തിലാണ് ഇത്തരമൊരു നിയമലംഘനം നടക്കുന്നതെന്നാണ് ആക്ഷേപം.
ചുറ്റം കെട്ടിമറച്ച് ആളുകളെ കാവൽ നിർത്തിയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. കെട്ടിട നിർമാണത്തിനെതിരെ പ്രമുഖ രാഷ്ട്രീയ പാർട്ടി ബോർഡുകൾ വെച്ചെങ്കിലും അവ അപ്രത്യക്ഷമായി. നീക്കുപോക്കുകളുടെ ഭാഗമായി സമവായത്തിലെത്തിയാണ് പ്രവൃത്തി ദ്രുതഗതിയിൽ നീക്കുന്നത്. ബേപ്പൂർ പോർട്ട് ഓഫിസിലെ ചില ഉദ്യോഗസ്ഥരുടെ ചെറുത്തുനിൽപിനെ അവഗണിച്ചാണ് അതേ വകുപ്പിലെ ഉന്നതർ ഒത്താശ ചെയ്യുന്നത്. അഞ്ചു വർഷം കഴിഞ്ഞാൽ പുതിയ കെട്ടിടം മാരിടൈംബോർഡിന് കീഴിലാകുമെന്ന് പ്രതീക്ഷ നൽകിയാണ് ചില ഉന്നതർ കീഴുദ്യോഗസ്ഥരെ ധരിപ്പിക്കുന്നത്. അതേസമയം അപകടാവസ്ഥയിലായ കെട്ടിടമായിരുന്നെന്നും പൊളിഞ്ഞ ഭാഗങ്ങളാണ് നീക്കിയതെന്നും കരാറുകാരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.