കുതിരവട്ടത്തുനിന്ന് ഭക്ഷ്യവസ്തുക്കൾ കടത്തിയ രണ്ടു ജീവനക്കാർ വിജിലൻസ് പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഭക്ഷ്യവസ്തുക്കൾ കടത്തിയ രണ്ടു ജീവനക്കാരെ കൈയോടെ പിടികൂടി വിജിലൻസ്. പാചക തൊഴിലാളികളായ ശിവദാസൻ, ജമാൽ എന്നിവരെയാണ് പിടികൂടി കേസെടുത്തത്.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇവർ ജോലി കഴിഞ്ഞ് മടങ്ങവേ മെയിൻ ഗേറ്റിനടുത്ത് കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഇരുവരെയും തടഞ്ഞുവെക്കുകയും ബാഗ് പരിശോധിക്കുകയുമായിരുന്നു. ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകാനായി എത്തിച്ച പലചരക്ക് സാധനങ്ങൾ ബാഗിൽനിന്ന് കണ്ടെടുത്തതോടെയാണ് തുടർ നടപടി സ്വീകരിച്ചത്. രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ ഇരുവരെയും മുൻകൂട്ടി മനസ്സിലാക്കിയ ശേഷമായിരുന്നു വിജിലൻസിന്‍റെ 'ഓപറേഷൻ'.

വിജിലൻസ് ഉദ്യോഗസ്ഥർ രണ്ടുപേരെയും ഗേറ്റിനടുത്തുനിന്നാണ് പിടികൂടിയതെന്നും തങ്ങൾക്ക് വിവരമൊന്നും കൈമാറിയിട്ടില്ലെന്നും മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ.സി. രമേശൻ പറഞ്ഞു. വിഷയം ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമർ ഫാറൂഖിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യസാധനങ്ങൾ കടത്തിയത് പിടിക്കപ്പെട്ടതോടെ രണ്ടുപേരെയും അടുത്തദിവസം സസ്പെൻഡ് ചെയ്യുമെന്നാണ് വിവരം.

അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ടതിനുപിന്നാലെ ചാടിപ്പോവലടക്കം തുടർക്കഥയായ ഇവിടെ നിന്ന് ഭക്ഷ്യസാധനങ്ങൾ കടത്തുന്നതായി നേരത്തെയും ആരോപണമുണ്ടായിരുന്നു. അടുത്ത കാലങ്ങളിലായി ചാടിപ്പോയ അഞ്ചുപേരിൽ മഹാരാഷ്ട്ര സ്വദേശിനിയായ 17കാരിയെയും നടക്കാവ് സ്വദേശിയായ 39കാരനെയും ഇതുവരെ കണ്ടെത്താനുമായിട്ടില്ല. 

Tags:    
News Summary - Vigilance arrests two employees for smuggling food items from kuthiravattom mental health center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.