രഞ്ജിത്ത്
കോഴിക്കോട്: വിജിൽ തിരോധാന കേസിലെ രണ്ടാംപ്രതി കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി ഗോശാലികുന്നുമ്മല്‍ വീട്ടില്‍ 2നെ (39) പൊലീസ് തെലങ്കാനയിൽവെച്ച് പിടികൂടി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് എലത്തൂര്‍ പൊലീസും ക്രൈം സ്ക്വാഡും ചേർന്ന് തെലങ്കാനയിലുള്ള കമ്മത്ത് എന്ന സ്ഥലത്തുവെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിലായിരുന്ന പ്രതി പൊലീസ് പിന്തുടരുന്നു എന്ന് മനസ്സിലാക്കി ആന്ധ്രയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
എലത്തൂർ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുരേഷ്, സി.പി.ഒ വൈശാഖ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കോഴിക്കോട് സരോവരത്തെ ചതുപ്പിൽനിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് പ്രതി ബംഗളൂരുവിൽനിന്ന് ആന്ധ്രയിലേക്ക് മുങ്ങിയത്.
ഇയാളുടെ ലൊക്കേഷൻ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. പ്രതിയെ പൊലീസ് കോഴിക്കോട്ട് എത്തിച്ചു. കേസിൽ അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുക്കാനായത്. 2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്.
അമിതമായി ലഹരി ഉപയോഗിച്ചതിനാൽ വിജിൽ മരിച്ചെന്നും തുടർന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും കേസിലെ പ്രതികളും വിജിലിന്റെ സുഹൃത്തുക്കളുമായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ. നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവര്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ഒരാഴ്ചയിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ അസ്ഥികൾ ചതുപ്പിലെ വെള്ളക്കെട്ടിൽനിന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.