വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിനരികിലെ പൊതുസ്ഥലത്ത് ദുർഗന്ധം പരത്തുന്ന പച്ചക്കറി മാലിന്യം
വേങ്ങേരി: വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിലെ പച്ചക്കറി മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരക്കുന്നു. നിരവധി കടകളിലുള്ള പച്ചക്കറി മാലിന്യം ആൾപെരുമാറ്റമുള്ള സ്ഥലത്ത് നിക്ഷേപിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും രോഗപ്പകർച്ചക്കും ഇടയാക്കുമെന്നറിഞ്ഞിട്ടും ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ല.
പച്ചക്കറി മാലിന്യം അലിഞ്ഞുള്ള മലിന ജലം പരന്നൊഴുകുകയാണ്. ദുർഗന്ധം കാരണം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. മാലിന്യം നീക്കാൻ കോർപറേഷൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയും എടുക്കുന്നില്ല.
ഓരോ ദിവസം കഴിയുംതോറും പച്ചക്കറി മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നത് കൂടിവരികയാണ്. മുൻ കാലങ്ങളിൽ ഒഴിഞ്ഞ ഭാഗങ്ങളിൽ കുഴിയെടുത്താണ് മാലിന്യം നിക്ഷേപിച്ചിരുന്നത്. പരാതി നൽകിയിട്ടും കടകൾക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യ വകുപ്പിലെ ഉദ്യേഗസ്ഥർ തയാറാവുന്നില്ലെന്ന പരാതി ഉയരുകയാണ്. മലിന ജലം പരന്നൊഴുകുന്നതിനാൽ ആളുകൾ നടക്കാൻ പ്രയാസപ്പെടുകയാണ്. കാർഷിക വിപണന കേന്ദ്രം ഞെളിയൻപറമ്പിനെ അനുസ്മരിപ്പിക്കുകയാണെന്ന് വ്യാപാരികൾ തന്നെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.