വി.ബി.ജി.റാം.ജി; കേന്ദ്ര നിർദേശം 13 ദിവസം പൂഴ്ത്തിവെച്ച് സംസ്ഥാന മിഷൻ
കോഴിക്കോട്: വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) എന്ന വി.ബി.ജി.റാം.ജി പദ്ധതിയുടെ വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ തയാറാക്കുന്നതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വേണ്ടത്ര സമയം നൽകിയിട്ടും പ്രത്യേക ഗ്രാമസഭ സംബന്ധിച്ച് ഗ്രാമപഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയത് രണ്ടു ദിവസം മുമ്പ് മാത്രം. കേന്ദ്ര നിർദേശം ദിവസങ്ങളോളം സംസ്ഥാന മിഷൻ പൂഴ്ത്തിവെച്ചതുമൂലം ഒക്ടോബർ രണ്ടിലെ പ്രത്യേക ഗ്രാമസഭ പ്രഹസനമായതായി ആരോപണം. ഗ്രാമസഭ ചേരാനുള്ള നിർദേശം പഞ്ചായത്തുകൾക്ക് ലഭിച്ചത് 2026 സെപ്റ്റംബർ 30ന്. വേണ്ടത്ര സമയം നൽകി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഇതു സംബന്ധിച്ച നിർദേശം 2026 സെപ്റ്റംബർ 10നു തന്നെ സംസ്ഥാന തൊഴിലുറപ്പ് മിഷന് നൽകിയിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനാണ് ഈ പ്രത്യേക ഗ്രാമസഭ നടത്തേണ്ടിയിരുന്നത്. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ വാർഡുതലത്തിൽ അറിയിപ്പ് നൽകി, ജനങ്ങളെ വിളിച്ചുകൂട്ടി, പദ്ധതി അവലോകന രേഖകളും ഏറ്റെടുക്കാവുന്ന പ്രവൃത്തികളുടെ പട്ടികയും തയാറാക്കി ഗ്രാമസഭ ചേരുന്നത് സാധ്യമല്ലെന്ന് മനസ്സിലായിട്ടും സെക്രട്ടറിമാർക്ക് അറിയിപ്പ് നൽകുകയായിരുന്നു. വളരെ ഗൗരവമുള്ള പദ്ധതികളായിട്ടും സംസ്ഥാന മിഷനിൽ ജോലി ചെയ്യുന്ന വകുപ്പുദ്യോഗസ്ഥരുടെയും, കരാർ ജീവനക്കാരുടെയും വീഴ്ച തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളുടെ പ്രവർത്തനം താളംതെറ്റിച്ചെന്നാണ് ആക്ഷേപം. വി.ബി.ജി.റാം.ജി പദ്ധതി പ്രകാരം ഒരു പഞ്ചായത്തിൽ ഏറ്റെടുക്കുന്ന എല്ലാ പ്രവൃത്തികളും വികസിത് ഗ്രാമപഞ്ചായത്ത് പ്ലാനിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടപ്പാക്കാനാകൂ. പ്ലാനിൽ ഉൾപ്പെടാത്ത പ്രവൃത്തികൾക്ക് പിന്നീട് അനുമതി ലഭിക്കില്ല എന്നതാണ് പ്രത്യേക ഗ്രാമസഭയെ അതീവ പ്രാധാന്യമുള്ളതാക്കുന്നത്. അടുത്ത കാലയളവിൽ ഗ്രാമത്തിലെ തൊഴിൽദിനങ്ങളും ആസ്തി നിർമാണവും നിശ്ചയിക്കുന്ന അടിസ്ഥാന വിവരങ്ങളാണ് തയാറാക്കേണ്ടത്. പൂർണതയും ജനപങ്കാളിത്തവും ഉറപ്പാക്കിയാവണം പ്ലാൻ തയാറാക്കണമെന്നാണ് കേന്ദ്ര മാർഗനിർദേശം.
പുതിയ പദ്ധതിയുടെ തുടക്കമായ ഗ്രാമസഭ തന്നെ ധിറുതിപിടിച്ച് നടത്തേണ്ടി വരുന്നത് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കുറക്കുകയും, ആവശ്യമായ പ്രവൃത്തികൾ പ്ലാനിൽ നിന്ന് വിട്ടുപോകാൻ ഇടവരുത്തുകയും ചെയ്യും. കേന്ദ്ര നിർദേശം ലഭിച്ച ഉടൻ തന്നെ സംസ്ഥാന മിഷൻ പ്രവർത്തന പദ്ധതി തദ്ദേശ വകുപ്പിനെ അറിയിച്ചിരുന്നെങ്കിൽ തയാറെടുപ്പനായി രണ്ടാഴ്ചയിലേറെ സമയം പഞ്ചായത്തുകൾക്ക് ലഭിക്കുമായിരുന്നു. ഫയൽ സംസ്ഥാന മിഷനിൽ എവിടെ കുടുങ്ങിയെന്ന് തദ്ദേശ ഭരണ വകുപ്പ് അന്വേഷിക്കണമെന്ന ആവശ്യം സെക്രട്ടറിമാർ ഉയർത്തുന്നു. കേന്ദ്രസർക്കാർ പദ്ധതി താഴേത്തട്ടിൽ നടപ്പാക്കാൻ നിശ്ചിത സമയപരിധി പാലിക്കാത്തത് കേന്ദ്ര സർക്കാറിന്റെ പല പദ്ധതികളും നഷ്ടമാകുന്നതിനും തുക വെട്ടിക്കുറക്കാനും ഇടവരുത്തുന്നുണ്ടെന്ന് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.