ചേര് മരത്തിന്റെ ഭീഷണിയിൽ അഞ്ച് കുടുംബങ്ങൾ
നാദാപുരം: ശരീരമാസകലം പഴുത്ത വ്രണങ്ങളും അസഹ്യമായ ചൊറിച്ചിലും നീറ്റലുമായി നരകജീവിതം നയിക്കുകയാണ് നാദാപുരം പഞ്ചായത്ത് 15 വാർഡ് വരിക്കോളിയിലെ കുടുംബങ്ങൾ. റഷീദ വണ്ണത്താം കണ്ടി മീത്തൽ റഷീദ, കദീജ തുടങ്ങിയ അഞ്ചിലധികം കുടുംബങ്ങളിൽ പെട്ടവരാണ് ഏറെ നാളായി അപകടകാരിയായ ഈ മരത്തിന്റെ ഭീഷണിയിൽ കഴിയുന്നത്. ആൾ താമസമില്ലാത്ത അയൽപക്കത്തെ പറമ്പിൽ ഇവരുടെവീടിനോട് ചേർന്നുനിൽക്കുന്ന ഒരു കൂറ്റൻ 'ചേര്' മരമാണ് ദുരിതത്തിന്റെ പ്രധാന കാരണം. തൊട്ടടുത്ത പറമ്പിൽ നിൽക്കുന്ന ഈ വിഷമരത്തിൽ നിന്ന് ഇലകളും കായകളും ഇവരുടെ വീട്ട് പറമ്പിലേക്കാണ് വീഴുന്നത്. ഇവ സമ്മാനിക്കുന്നത് തീവ്രമായ ചൊറിയടക്കമുള്ള തൊലിപ്പുറത്തെ രോഗങ്ങളാണ്.
മരം പൂക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ഇതിന്റെ കാഠിന്യം വർധിക്കും. അപകടകാരിയായ ഈ മരം മുറിച്ചുമാറ്റാൻ സ്ഥല ഉടമയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്ന് ഇവർ പറയുന്നു.
തുടർന്ന് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകുകയും മരം മുറിച്ചു മാറ്റാൻ സമയ പരിധി നൽകി ഉടമക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇതു വരെ ഉടമയുടെ ഭാഗത്തുനിന്ന് തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. മരത്തിന്റെ വിഷാംശം ഏറ്റ് ശരീരമാസകലം വ്രണങ്ങൾ നിറഞ്ഞഅവസ്ഥയിലാണ് വിദ്യാർഥികളടയ്ക്കുള്ള സ്ഥലവാസികൾ. എത്രയും പെട്ടെന്ന് മരം മുറിച്ചുമാറ്റാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.