വടകര ഡയറ്റിൽ ഒരുക്കിയ സയൻസ് -ഗണിത-സാമൂഹ്യശാസ്ത്ര- വെർച്വൽ ലാബ്

വടകരയിൽ ഇനി ശാസ്ത്രം തൊട്ടറിയാം ചെയ്തറിയാം

വടകര: പാഠപുസ്തകങ്ങൾക്കപ്പുറം ശാസ്ത്രത്തിന്റെ അത്ഭുതലോകം നേരിട്ട് അനുഭവിക്കാൻ ജില്ലയിലെ വിദ്യാർഥികൾക്ക് സുവർണാവസരം ഒരുക്കുകയാണ് വടകര പുത്തൂരിലെ ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്). ഡയറ്റ് സജ്ജമാക്കിയ സയൻസ് -ഗണിത-സാമൂഹ്യശാസ്ത്ര- വെർച്വൽ ലാബ് ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്കായി തുറന്നു നൽകും. ശാസ്ത്രപഠനം വെറും മനഃപാഠമാക്കലല്ല മറിച്ച് അതൊരു തിരിച്ചറിവാണെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ലാബിന്റെ ക്രമീകരണം. കണ്ടും പരീക്ഷിച്ചും അനുഭവിച്ചറിയാനും സ്വന്തമായി നിർമിച്ചുനോക്കാനുമെല്ലാമവസരമുണ്ട് ഈ ലാബിൽ.

വെറും കാഴ്ചക്കാരല്ല മറിച്ച് കൊച്ചു ശാസ്ത്രജ്ഞരായി ഓരോ കുട്ടിക്കും മാറാനുള്ള അവസരം ഒരുക്കിയിരിക്കയാണ് ഡയറ്റ്. പ്രകാശത്തിന്റെ വികിരണവും ലളിത പെൻഡുലത്തിന്റെ ചലനവും മുതൽ ഇലക്ട്രിക് ബെല്ലിന്റെയും വിൻഡ് എനർജിയുടെയും പ്രവർത്തനങ്ങൾ വരെ കുട്ടികൾക്ക് സ്വയം പരീക്ഷിച്ചു മനസ്സിലാക്കാം. സ്വന്തമായി പൊക്കിയുയർത്തുന്ന കപ്പിയും വൃദ്ധിക്ഷയങ്ങളും മറ്റു ശാസ്ത്ര തത്ത്വങ്ങളും ലഘുവായി മനസ്സിലാക്കാനും കഴിയും. ഗണിതശാസ്ത്രം തലവേദനയല്ലെന്ന് തെളിയിക്കുന്ന രസകരമായ പസിലുകളും ഇന്ററാക്ടിവ് പ്രദർശനങ്ങളും ഗണിതത്തിന്റെ സൗന്ദര്യം കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്നു. ഇന്ത്യൻ ബഹിരാകാശ നേട്ടങ്ങളുടെ നാഴികക്കല്ലായ പി.എസ്.എൽ.വിക്ക് ചേർന്നുനിന്ന് ഒരു സെൽഫിയുമാവാം. ലാബിലെ ഏറ്റവും പ്രധാന ആകർഷണം വിർച്വൽ റിയാലിറ്റി മേഖലയാണ്. വി.ആർ ഹെഡ്‌ സെറ്റുകൾ ധരിക്കുമ്പോൾ സങ്കീർണമായ ശാസ്ത്ര ആശയങ്ങൾ തൊട്ടുമുന്നിൽ ജീവസ്സുറ്റതായി മാറുന്ന അനുഭവം വിദ്യാർഥികളെ അമ്പരപ്പിക്കും. പ്രൈമറി ഹൈസ്കൂൾ ക്ലാസുകളിലെ ഉള്ളടക്കങ്ങളെല്ലാം വി.ആർ ഉപയോഗിച്ച് കണ്ട് മനസ്സിലാക്കാം. കൂടാതെ ശരീരഘടനയും രക്ത ചംക്രമണവും ഡി.എൻ.എ ഘടനയുമെല്ലാം അടുത്തറിയാൻ സഹായിക്കുന്ന ജീവശാസ്ത്ര മോഡലുകളും ഇവിടെ സജ്ജമാണ്. ലാബിനുള്ളിൽ മാത്രമല്ല കാമ്പസിന് പുറത്തും ശാസ്ത്ര കൗതുകങ്ങൾ കാത്തിരിക്കുന്നു. സൗരോർജത്തിന്റെ കരുത്ത് കാട്ടിത്തരുന്ന സോളാർ മോഡലുകളും സമയം നോക്കാൻ പഠിപ്പിക്കുന്ന സൺ ഡയലും ഔട്ട്ഡോർ ലേണിങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾക്കും ചർച്ചകൾക്കുമായി പ്രത്യേക ഇടങ്ങളും സജ്ജമാണ്. ഡയറ്റ് ലൈബ്രറിയിൽ ആയിരക്കണക്കിന് പുസ്തകങ്ങളും സ്വന്തമായി കുട്ടികൾക്ക് റെക്കോഡിങ് നടത്താവുന്ന സ്റ്റുഡിയോ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

എഴുത്തച്ഛൻ ചത്വരത്തിലിരുന്ന് പുസ്തക ചർച്ചയുമാവാം. സ്നേഹിക്കാനും അടുത്തറിയാനും ഒരുക്കിയിരിക്കുന്ന ഈ വിജ്ഞാന വിരുന്ന് ജില്ലയിലെ ഓരോ വിദ്യാർഥിക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ഏപ്രിൽ 1 മുതൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യുന്ന വിദ്യാലയങ്ങൾക്ക് മുഴുദിവസം ഡയറ്റിൽ ചെലവഴിക്കാം. പരമാവധി 50 കുട്ടികളുള്ള ഗ്രൂപ്പുകൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കായി ഡയറ്റ് ശാസ്ത്ര ഗണിത ശാസ്ത്ര വിഭാഗത്തിൽ ബന്ധപ്പെടാവുന്നതാണെന്ന് ഡയറ്റ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Now you can learn science by touching it and doing it in Vadakara.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.