ഷഫ്വാൻ, ഷഹദ്
കോഴിക്കോട്: കുന്ദമംഗലം ഓവുങ്ങരയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ഫറോക്ക് പുറ്റെക്കാട് സ്വദേശികളായ വെട്ടിയാട്ടിൽ ഹൗസിൽ വി. ഷഫ്വാൻ (31), ഞാവേലി പറമ്പിൽ ഹൗസിൽ എൻ.പി. ഷഹദ് (27) എന്നിവരെ നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കുന്ദമംഗലം എസ്.ഐ എ. നിതിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്നാണ് പിടികൂടിയത്.
ബംഗളൂരുവിൽനിന്ന് കാറിൽ കടത്തുകയായിരുന്ന 38.6 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് കുന്ദമംഗലം ഓവുങ്ങരയിൽവെച്ച് ഇവർ പിടിയിലാവുന്നത്. പിടികൂടിയ ലഹരിമരുന്ന് ഫറോക്ക്, രാമനാട്ടുകര ഭാഗങ്ങൾ കേന്ദ്രീകരിച്ച വിൽപനക്കായി കൊണ്ടുവന്നതാണ്. പിടികൂടിയ എം.ഡി.എം.എക്ക് ചില്ലറ വിപണിയിൽ 1,60,000 രൂപ വില വരും. വാട്സ്ആപ് വഴി ലഹരിക്കായി ആവശ്യക്കാർ ബന്ധപ്പെട്ടാൽ ഒരു ഗ്രാമിന്റെ ചെറുപാക്കറ്റുകളിലാക്കി എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതി. പിടിയിലായ ഇരുവരും ലഹരി ഉപയോഗിക്കുന്നവരാണ്.
ഷഫ്വാൻ ഡ്രൈവറാണ്. ഇയാൾക്കെതിരെ ഫറോക്ക് സ്റ്റേഷനിൽ അടിപിടി കേസും എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ആൾമാറാട്ടം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷഹദ് കോഴിക്കോട് ജില്ലയിലെ ബസ് കണ്ടക്ടറാണ്. ഇയാൾക്കെതിരെ ഫറോക്ക് സ്റ്റേഷനിൽ അടിപിടി കേസും കഞ്ചാവ് ഉപയോഗിച്ച കേസും നിലവിലുണ്ട്.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രന്റെ നിർദേശപ്രകാരം ഡാൻസാഫ് ടീം നടത്തിയ നിരീക്ഷണത്തിൽ ഇവരുടെ ലഹരിക്കച്ചവടത്തെപ്പറ്റി മനസ്സിലാക്കി രണ്ട് മാസത്തോളമായി നിരീക്ഷിച്ചാണ് വലയിലാക്കിയത്.
ഡാൻസാഫ് എസ്.ഐ മനോജ് ഇടയേടത്ത്, എസ്.ഐ കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, എം.കെ ലതീഷ്, പി.കെ. സരുൺ കുമാർ, എൻ.കെ. ശ്രീശാന്ത്, എം. ഷിനോജ്, ഇ.വി. അതുൽ, പി. അഭിജിത്ത്, പി.കെ. ദിനീഷ്, കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐ ജിബിഷ, എം. വിജേഷ്, കെ. അജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.