വടകര: നാദാപുരം സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ രണ്ടു പേരെ ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു. പള്ളൂർ പാറാൽ സ്വദേശി പുതിയ വീട്ടിൽ തെരേസ നൊവീന റാണി (37), തലശ്ശേരി ധർമടം ചിറക്കാനി നടുവിലോതി അജിനാസ് (35) എന്നിവരെയാണ് ചോമ്പാല എസ്.ഐ പി. അനിൽകുമാർ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 8.10ഓടെയാണ് സംഭവം. യുവാവിനെ മുക്കാളി റെയിൽവേ അടിപ്പാതക്ക് സമീപമുള്ള വീട്ടിലെത്തിച്ച് യുവതിക്കൊപ്പം ചേർത്ത് നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി 1,06,500 രൂപയും മഹിന്ദ്ര ഥാർ വാഹനവും തട്ടിയെടുക്കുകയായിരുന്നു. നഗ്ന ഫോട്ടോ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികൾ യുവാവിന്റെ വാഹനത്തിൽ സൂക്ഷിച്ച പണവും വാഹനവുമായി കടന്നുകളയുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പൊലീസ് നടത്തിയ പരിശോധനയിൽ വാഹനം മാഹി ബൈപാസിൽനിന്ന് പിടികൂടി. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചില പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.