ബേപ്പൂർ: ട്രോളിങ് നിരോധനത്തെത്തുടർന്ന് യന്ത്രവത്കൃത ബോട്ടുകളുടെ ആഴക്കടൽ മീൻപിടിത്തം നിലച്ചപ്പോൾ മാർക്കറ്റുകളിൽ മീൻ ലഭ്യത കുറഞ്ഞു. ഉള്ളതിന് പൊള്ളുന്ന വിലയും. വില പിടിവിട്ട് കുതിക്കുന്നതിനിടെ, ക്ഷാമം രൂക്ഷമായത് തീൻമേശകളിൽ മത്സ്യപ്രേമികളെ നിരാശരാക്കി. സാധാരണക്കാരുടെ ഇഷ്ടമീനുകളായ അയലക്കും മത്തിക്കുമെല്ലാം പൊൻവിലയാണ്. മത്തിക്ക് 400 കിലോ വില. കോഴിയിറച്ചിക്ക് 240 രൂപയും, ബീഫിന് 340 രൂപയുമുള്ളപ്പോഴാണിത്. മുള്ളൻ, നെത്തോലി തുടങ്ങിയ ചെറുമീനുകൾക്കെല്ലാം 200 മുതൽ 300 വരെയാണ് കിലോക്ക് വില.
ആവോലി, അയക്കൂറ, നെയ്മീൻ തുടങ്ങിയ വലിയ മീനുകൾക്ക് കിലോക്ക് 1000ത്തിലും അപ്പുറവും കൊടുക്കണം. മാർക്കറ്റുകളിൽ മീൻ കുറഞ്ഞതോടെ ഉള്ളതിന് വില കുത്തനെ കൂടുകയായിരുന്നു. നേരത്തെ മത്സ്യങ്ങൾക്ക് വിലകുറഞ്ഞ അവസരങ്ങളിൽ ശീതീകരിച്ച് സൂക്ഷിച്ചവയാണ് ഇപ്പോൾ കിട്ടുന്നതിൽ കൂടുതലും. തമിഴ്നാട്ടിൽ നിന്നെത്തുന്ന ചൂര, കേതർ, പപ്പൻസ് (ബാറ്റ്) തുടങ്ങിയവയുടെ വില 400 ഉം അതിനു മുകളിലേക്കും എത്തിക്കഴിഞ്ഞു.
ട്രോളിങ് നിരോധനമേർപ്പെടുത്തിയാൽ സാധാരണ ഘട്ടങ്ങളിൽ പരമ്പരാഗതമായി ചെറുവഞ്ചികളിൽ പോയി മീൻപിടിത്തം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. മുൻകാലങ്ങളിൽ വലിയ ബോട്ടുകാർ അടിത്തട്ടിൽ നിന്നും മീൻ അരിച്ചെടുത്ത് കൊണ്ടുപോകാത്തതിനാൽ വഞ്ചിക്കാരുടെ വല നിറയും. ഇപ്പോൾ പേരിന് പോലും മീൻ കിട്ടാത്ത ദുരവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ.
മത്സ്യലഭ്യതയിൽ വന്നിരിക്കുന്ന ഇത്രയും വലിയ കുറവിൽ തൊഴിലാളികൾ ആശങ്കയിലാണ്. വലിയ ബോട്ടുകളുടെ അമിതമായ കടന്നുകയറ്റവും മുൻവർഷങ്ങളിലെ കാലാവസ്ഥ വ്യതിയാനവും കടലിൽ മത്സ്യ ലഭ്യത കുറയാനുള്ള കാരണമായതായി പഠനങ്ങളും പറയുന്നു. വലിയ ബോട്ടുകൾ ചെറുകിട തൊഴിലാളികളുടെ പരിധിയിലെത്തി മത്സ്യബന്ധനം നടത്തുന്നതിൽ പരമ്പരാഗത തൊഴിലാളികൾ വലിയ പ്രതിഷേധത്തിലാണ്.
അന്തർ സംസ്ഥാന ബോട്ടുകളും ട്രോളിങ് നിരോധനമേർപ്പെടുത്തിയതിനു പിന്നാലെ തിരിച്ചുപോയെങ്കിലും, തങ്ങൾക്ക് ഈ കാലങ്ങളിൽ ലഭിക്കേണ്ടുന്ന മത്സ്യം മുമ്പ്തന്നെ അരിച്ചെടുത്തതായി പരമ്പരാഗതക്കാർ ആരോപിക്കുന്നു. വഞ്ചിക്കാർക്ക് ഇന്ധനവും ഭക്ഷണവും മറ്റ് ചെലവുകളുമടക്കം പോയി വരാൻ കുറഞ്ഞത് ഇരുപതിനായിരം രൂപയുടെ ചെലവുണ്ട്. മുമ്പ് അമ്പതിനായിരം രൂപയുടെ മീൻ കിട്ടിയെങ്കിൽ, ഇന്ന് വെറുംകൈയോടെ മടങ്ങേണ്ടി വരുന്നതിനാൽ പലരും കടലിൽ പോകാത്ത സ്ഥിതിയാണ്.
ലോണെടുത്ത് വഞ്ചിയും വലയുമെല്ലാം വാങ്ങിയവർക്ക് തിരിച്ചടക്കാൻ മറ്റ് ജോലിക്ക് പോകേണ്ട സ്ഥിതിയാണെന്നും ഇവർ പറയുന്നു. കാലാവസ്ഥ പ്രതികൂലമാവുകയും, മീൻപിടിത്തത്തിന് പോകരുതെന്ന മുന്നറിയിപ്പും കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതും പ്രതിസന്ധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.