വടകര: ദുരിതയാത്രയിൽ മനം മടുത്ത് യാത്രക്കാർ ദേശീയപാതയെ കൈയൊഴിഞ്ഞതോടെ ട്രെയിനുകളിൽ നിന്നുതിരിയാൻ ഇടമില്ല. നിർമാണം ഇഴഞ്ഞുനീങ്ങുന്ന ദേശീയപാത കണ്ണൂർ-കോഴിക്കോട് റൂട്ടിൽ യാത്ര ദുരിതമായതോടെയാണ് ജനം ബസ് ഒഴിവാക്കി ട്രെയിനുകളിലേക്ക് മാറിയത്. ഓണാവധിക്ക് ശേഷം രണ്ട് ദിവസമായി ട്രെയിനുകളിൽ പതിവിൽനിന്നും വ്യത്യസ്തമായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീകളുടെ കോച്ചുകളിലടക്കം പുരുഷന്മാർ തിക്കിക്കയറുന്ന കാഴ്ചയാണ്. റിസർവേഷൻ കോച്ചുകളിൽ മറ്റു യാത്രക്കാർ ഇടിച്ചുകയറുന്നതിനാൽ യാത്ര മുടങ്ങിയവരും ഏറെയാണ്.
കയറുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങുകയും ഓടിക്കയറാനുള്ള ശ്രമം ആർ.പി.എഫ് നിരുത്സാഹപ്പെടുത്തുന്നതുമെല്ലാം വടകര റെയിൽവേ സ്റ്റേഷനിൽ നിത്യസംഭവമാണ്. ട്രെയിനിനുള്ളിൽ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ് യാത്ര. പരശുറാം ഉൾപ്പെടെ ട്രെയിനുകൾ വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നതോടെ യാത്രക്കാർ ട്രെയിനിൽ നരകയാതന അനുഭവിക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി ദയനീയമാണ്.
മലബാറിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനായ വടകരയിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർക്ക് അനക്കമില്ല. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രണ്ട് വർഷത്തിനിടെ വൻ കുതിച്ചുചാട്ടമാണ് വടകരയിലുണ്ടായത്. അമൃത് സ്റ്റേഷനായി ഉയർത്തിയ സ്റ്റേഷന്റെ ഭംഗി വർധിച്ചതല്ലാതെ യാത്രക്കാർക്ക് ഒരു ഗുണവും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.